...
Home News National മസ്കിന്റെ ഗ്രോക് എ.ഐ ഇന്ത്യയിലും; എക്സിന്റെ പ്രീമിയും പ്ലസ് വരിക്കാർക്ക് ഉപയോഗിക്കാം

മസ്കിന്റെ ഗ്രോക് എ.ഐ ഇന്ത്യയിലും; എക്സിന്റെ പ്രീമിയും പ്ലസ് വരിക്കാർക്ക് ഉപയോഗിക്കാം

എക്സിലെ ഡാറ്റ ഉപയോഗിച്ചാണ് ഇലോൺ മസ്കിന്റെ എ.ഐ മോഡൽ പ്രവർത്തിക്കുന്നത്.

435

ഓപൺ എ.ഐ യുടെ ചാറ്റ്ജിപിടിക്കും ഗൂഗിളിന്റെ ബാർഡിനും ബദലായി എത്തിയ ഗ്രോക് എ.ഐ ചാറ്റ്ബോട്ട് ഒടുവിൽ ഇന്ത്യയിലും അവതരിപ്പിച്ചു. ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്കിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംരംഭമായ എക്സ്എ (XAI), വികസിപ്പിച്ച ലാർജ് ലാംഗ്വേജ് ജനറേറ്റീവ് എ.ഐ മോഡലാണ് ഗ്രോക് (Grok). മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിന്റെ ഇന്ത്യയിലുള്ള പ്രീമിയം പ്ലസ് വരിക്കാർക്ക് ഗ്രോക്ക് ഉപയോഗിച്ച് തുടങ്ങാം.

ഇന്ത്യക്ക് പുറമേ, പാകിസ്ഥാൻ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ 46 രാജ്യങ്ങളിൽ ഗ്രോക്കിൻ്റെ സേവനങ്ങൾ ഇപ്പോൾ ഉപയോഗിക്കാം. നിലവിൽ ബീറ്റാ ഘട്ടത്തിൽ തന്നെ തുടരുന്ന ഗ്രോക് പരീക്ഷിച്ച് നോക്കാൻ ആഗ്രഹിക്കുന്നവർ എക്സിന്റെ പ്രീമിയം പ്ലസ് സബ്സ്ക്രിപ്ഷൻ എടുക്കണം. ഇന്ത്യയിൽ പ്രതിമാസം ₹1,300, പ്രതിവർഷം ₹13,600 എന്നിങ്ങനെയാണ് നിരക്കുകൾ.

യൂസർമാരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ തമാശരൂപേണ മറുപടി നൽകുന്ന വിധത്തിലാണ് ഗ്രോക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മസ്‌ക് പറഞ്ഞിരുന്നു. എക്സിലെ ഡാറ്റ ഉപയോഗിച്ചാണ് ഇലോൺ മസ്കിന്റെ എ.ഐ മോഡൽ പ്രവർത്തിക്കുന്നത്. എക്സിൽ നിന്നുള്ള തത്സമയ ഡാറ്റ പ്രയോജനപ്പെടുത്തുന്നതിനാൽ, മറ്റ് പ്രമുഖ എ.ഐ ചാറ്റ്ബോട്ടുകൾ നിരസിച്ചേക്കാവുന്ന ചോദ്യങ്ങളോട് വരെ പ്രതികരിക്കാനുള്ള കഴിവ് ഗ്രോക്കിനുണ്ട് എന്നതാണ് പ്രത്യേകത.

കൂടാതെ, ഇന്റർനെറ്റ് ബ്രൗസിങ് സംവിധാനവുമുണ്ടായിരിക്കും. അതായത്, നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനായി ഇൻ്റർനെറ്റിൽ തിരയാനും ഗ്രോക്കിന് കഴിയും. നിരവധി പരസ്യദാതാക്കൾ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമിൽ നിന്ന് അകന്നുപോകുന്ന സാഹചര്യത്തിൽ, പരസ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, സബ്സ്ക്രിപ്ഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോൾ ഇലോൺ മസ്ക്. അതിനായി എക്സിനെ കൂടുതൽ ആകർഷകമാക്കുകയാണ് ലക്ഷ്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.