...
Home News National മുസ്ലിം പെണ്‍കുട്ടികൾക്ക് പതിനഞ്ചു വയസ് കഴിഞ്ഞാൽ വിവാഹം കഴിക്കാം: സുപ്രീം കോടതി

മുസ്ലിം പെണ്‍കുട്ടികൾക്ക് പതിനഞ്ചു വയസ് കഴിഞ്ഞാൽ വിവാഹം കഴിക്കാം: സുപ്രീം കോടതി

ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തളളി

535

മുസ്ലിം വ്യക്തിനിയമ പ്രകാരം ഇഷ്‌ടമുള്ളയാളെ പതിനഞ്ചു വയസ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെന്ന് സുപ്രീം കോടതി. 2022-ലെ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 16 വയസുള്ള മുസ്ലിം പെണ്‍കുട്ടിയുടെയും 30 വയസുകാരൻ്റെയും വിവാഹം ചോദ്യം ചെയ്‌ത്‌ ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തളളിയത്.

മുസ്ലിം വ്യക്തിനിയമ പ്രകാരം, പ്രായപൂര്‍ത്തി ആയില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്‌ടമുള്ളയാളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാന്‍ രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ല എന്നായിരുന്നു പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി. പെണ്‍കുട്ടിയും യുവാവും കുടുംബത്തിൻ്റെ ഭീഷണിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു. പതിനഞ്ചുകാരിയെ വിവാഹം കഴിച്ച ആള്‍ക്കെതിരെ കുടുംബം പോക്‌സോ കേസും നല്‍കിയിരുന്നു. ഇതും കോടതി തള്ളുകയായിരുന്നു.

പ്രായപൂര്‍ത്തി ആവാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ചുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാന്‍ ബാലാവകാശ കമ്മീഷന് എന്തുകാര്യമാണെന്നും സുപ്രീം കോടതി ചോദിച്ചു. വിഷയത്തില്‍ നിയമ പ്രശ്‌നം ഇല്ലെന്നും അത് ഉചിതമായ കേസില്‍ ഉന്നയിച്ചു കൊള്ളാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

യഥാര്‍ത്ഥ പ്രണയവുമായി ബന്ധപ്പെട്ട കേസുകളില്‍ യുവതീ- യുവാക്കള്‍ പരസ്‌പരം ഇഷ്‌ടപ്പെടുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളെ മറ്റുഗുരുതര ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി തുലനം ചെയ്യണോ? സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ മനസില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ് എന്നും ബെഞ്ച് നിരീക്ഷിച്ചു.

ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ അവരുടെ അന്തസ് സംരക്ഷിക്കാന്‍ നിസാരമായ പോക്‌സോ കേസുകള്‍ ഫയല്‍ ചെയ്യുന്നുവെന്നും അവരുടെ പെണ്‍കുട്ടികള്‍ ഒളിച്ചോടിയ കാര്യം രക്ഷിതാക്കള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.