ന്യൂഡൽഹി: വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വേഷത്തിൽ വേദിയിലെത്താൻ മുതിർന്ന നടൻ നസീറുദ്ദീൻ ഷാ. റുഷ്ദിയുടെ ജീവിതത്തിലെ നടുക്കുന്ന അനുഭവങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന ’27 സെക്കൻഡ്സ്’ എന്ന സ്റ്റേജ് അഡാപ്റ്റേഷനിലാണ് ഷാ അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. മോട്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നാടകം ഒരുങ്ങുന്നത്.
2022 ഓഗസ്റ്റ് 12-ന് ന്യൂയോർക്കിൽ സൽമാൻ റുഷ്ദിക്കെതിരെയുണ്ടായ വധശ്രമവും അതിനെ തുടർന്നുള്ള അനുഭവങ്ങളുമാണ് നാടകത്തിന്റെ പ്രമേയം. 2024ൽ പ്രസിദ്ധീകരിച്ച റുഷ്ദിയുടെ ഓർമക്കുറിപ്പായ നൈഫ്: മെഡിറ്റേഷൻസ് ആഫ്റ്റർ ആൻ അറ്റെംപ്റ്റഡ് മർഡർ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് നാടകം ഒരുക്കുന്നത്.
ആക്രമണത്തിനിടെ റുഷ്ദിയുടെ വലതുകണ്ണിന് സ്ഥിരമായി കാഴ്ച നഷ്ടപ്പെട്ടിരുന്നു. ആക്രമണം നടന്ന 27 സെക്കൻഡുകളെയാണ് നാടകത്തിന്റെ പേര് സൂചിപ്പിക്കുന്നത്.
റുഷ്ദിയുടെ വാക്കുകൾ മാത്രം തിരക്കഥയിൽ
റുഷ്ദിയുടെ അനുഭവങ്ങളുടെ ആധികാരികത നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ ഓർമക്കുറിപ്പിലെ വാക്കുകൾ മാത്രമാണ് നാടകത്തിന്റെ തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വേദിയിൽ അവതരിപ്പിക്കുന്ന ഓരോ സംഭാഷണവും പുസ്തകത്തിൽനിന്ന് നേരിട്ട് എടുത്തതായിരിക്കും.
നസീറുദ്ദീൻ ഷായും അർഘ്യ ലാഹിരിയും ചേർന്നാണ് നാടകം സംവിധാനം ചെയ്യുന്നത്. കൗശിക് സെന്നും ഷായും ചേർന്നാണ് നാടകാവിഷ്കാരം ഒരുക്കിയിരിക്കുന്നത്.
റുഷ്ദിയുടെ ഭാര്യയായി മലൈക ചൗധരി
നാടകത്തിൽ നസീറുദ്ദീൻ ഷായ്ക്കൊപ്പം നടി മലൈക ചൗധരിയും പ്രധാന വേഷത്തിലെത്തും. സൽമാൻ റുഷ്ദിയുടെ ഭാര്യ റേച്ചൽ എലിസ ഗ്രിഫിത്ത്‌സിനെയാണ് മലൈക അവതരിപ്പിക്കുന്നത്.
നസീറുദ്ദീൻ ഷായുടെ അഭിനയമികവിന്റെ ആരാധകനാണെന്ന് വ്യക്തമാക്കിയ സൽമാൻ റുഷ്ദി നാടകസംരംഭത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ജീവിതത്തെ മാറ്റിമറിച്ച ആക്രമണത്തിന്റെയും അതിജീവനത്തിന്റെയും അനുഭവങ്ങൾ വേദിയിലെത്തിക്കുന്ന ’27 സെക്കൻഡ്സ്’, റുഷ്ദിയുടെ ജീവിതത്തിലെ നിർണായക അധ്യായത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ നാടകാവിഷ്കാരമാകുമെന്നാണ് പ്രതീക്ഷ.


