...
Home News Kerala എൻഡിടിവി സർവേയും ചെന്നിത്തലയുടെ പ്രതികരണവും: കോൺഗ്രസിനുള്ളിലെ അധികാര പോരാട്ടത്തിന്റെ പ്രതിഫലനം

എൻഡിടിവി സർവേയും ചെന്നിത്തലയുടെ പ്രതികരണവും: കോൺഗ്രസിനുള്ളിലെ അധികാര പോരാട്ടത്തിന്റെ പ്രതിഫലനം

ചെന്നിത്തലയുടെ ഈ പ്രതികരണം ആകെ ഗുണം ചെയ്യുന്നത് ഇടതുപക്ഷത്തിനാണ്. സർവേയെ ചെന്നിത്തല തന്നെ തള്ളി പറഞ്ഞ സാഹചര്യത്തിൽ, അതിനെ കുറിച്ച് മുഖ്യമന്ത്രിയോ ഇടതുപക്ഷ നേതാക്കളോ പ്രതികരിക്കേണ്ട ആവശ്യമേ ഇല്ല.

275

യു.ഡി.എഫിന് അനുകൂലമാണെന്ന് വിലയിരുത്തപ്പെട്ട എൻഡിടിവി സർവേ റിപ്പോർട്ടിന്റെ ആധികാരികതക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചതോടെ, ആ റിപ്പോർട്ട് അടിസ്ഥാനമാക്കി മുന്നോട്ട് പോകാനും പ്രചാരണം നടത്താനും ഇനി കോൺഗ്രസിനോ മുസ്ലിം ലീഗിനോ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

“ഒരു പണിയുമില്ലാത്ത ചിലരാണ് സർവേ നടത്തുന്നത്” എന്ന കടുത്ത പരാമർശമാണ് ചെന്നിത്തല നടത്തിയത്. സർവേയിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചതാണ് ചെന്നിത്തലയുടെ രൂക്ഷ പ്രതികരണത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പിണറായി വിജയൻ ഒന്നാം സ്ഥാനത്തെത്തിയിരുന്നെങ്കിൽ ഇത്ര കടുത്ത പ്രതികരണം ഉണ്ടായിരിക്കില്ലായിരുന്നു എന്ന അഭിപ്രായവും ശക്തമാണ്. അത്രത്തോളം സതീശനോടുള്ള അസംതൃപ്തിയാണ് ചെന്നിത്തലയെ ഈ നിലപാടിലേക്ക് നയിച്ചത്.

കെ. കരുണാകരന്റെ മന്ത്രിസഭയിൽ വളരെ ചെറുപ്പത്തിൽ തന്നെ മന്ത്രിയായ വ്യക്തിയാണ് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റായും എ.ഐ.സി.സി സെക്രട്ടറിയായും ദീർഘകാലം ദേശീയ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം, ഐ ഗ്രൂപ്പ് വിട്ട ശേഷം ജി. കാർത്തികേയനൊപ്പം ചേർന്ന് ‘തിരുത്തൽവാദി’ ഗ്രൂപ്പ് രൂപീകരിക്കുന്നതിലും മുൻനിര പങ്ക് വഹിച്ചു. ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മൂന്നാം ഗ്രൂപ്പിൽ പ്രവർത്തിച്ചവരാണ് ഇന്നത്തെ ശക്തികേന്ദ്രങ്ങളായ വി.ഡി. സതീശനും കെ.സി. വേണുഗോപാലും. ആ ഘട്ടങ്ങളിലൊക്കെയും ചെന്നിത്തലയുടെ നിഴലായി തന്നെ സതീശനും വേണുഗോപാലും ഉണ്ടായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ മരണവും കെ.സി. വേണുഗോപാലിന്റെ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി പദവിയും ചേർന്നതാണ് ചെന്നിത്തലയെ രാഷ്ട്രീയമായി കൂടുതൽ ദുർബലനാക്കിയത്. ആ പദവിയുടെ അധികാരം ഉപയോഗിച്ച് വേണുഗോപാൽ ആദ്യം നടത്തിയ നീക്കം വി.ഡി. സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിക്കുകയെന്നതായിരുന്നു. തുടർന്ന്, ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കെ തന്നെ എ ഗ്രൂപ്പിനെ പോലും പിളർത്തി, ടി. സിദ്ദിഖ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളെ വേർതിരിച്ച് കൊണ്ടുവന്നതും വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു. ഇതിന്റെ ഭാഗമായി ‘കെ.സി ഗ്രൂപ്പ്’ എന്ന പുതിയ ശക്തികേന്ദ്രവും രൂപപ്പെട്ടു. എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും നിന്നുള്ള നിരവധി നേതാക്കൾ ഈ ഗ്രൂപ്പിലേക്ക് ചേർന്നതോടെ പാർട്ടിയിൽ ഏറ്റവും കൂടുതൽ ക്ഷീണിച്ചത് ചെന്നിത്തലയായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ മരണത്തിനു ശേഷം സതീശനും സ്വതന്ത്രമായ രാഷ്ട്രീയ കളി ആരംഭിച്ചു. പാർട്ടിയിലും ഗ്രൂപ്പിലും ചെന്നിത്തലയോട് വിശ്വസ്തത പുലർത്തിയിരുന്ന പലരും പിന്നീട് അദ്ദേഹത്തിന്റെ എതിരാളികളായി മാറി. ഇതോടെ ചെന്നിത്തല രാഷ്ട്രീയമായി പിന്നോട്ടു തള്ളപ്പെട്ട അവസ്ഥയിലായി. ആ ക്ഷീണം മറികടന്ന് വീണ്ടും ശക്തമായി തിരിച്ചെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ. അത്തരം ഒരു ഘട്ടത്തിൽ, സതീശനെ ഉയർത്തിക്കാട്ടുന്ന ഒരു സർവേ വന്നാൽ അത് അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.

ഇപ്പോൾ 69 വയസ്സുള്ള ചെന്നിത്തലയ്ക്ക്, യു.ഡി.എഫിന് ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയാകാനുള്ള അവസാന അവസരമാണിത്. അതുകൊണ്ടുതന്നെ ഓരോ നീക്കവും അതീവ ജാഗ്രതയോടെയാണ് അദ്ദേഹം നടത്തുന്നത്. എൻഡിടിവി സർവേ ഫലത്തെ പരസ്യമായി തള്ളിക്കളഞ്ഞതും ഈ രാഷ്ട്രീയ കണക്കുകൂട്ടലിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. സർവേയിൽ തന്റെ പേര് മനപ്പൂർവം ഒഴിവാക്കിയെന്ന ധാരണയും അദ്ദേഹത്തിനുണ്ട്.

ചെന്നിത്തലയുടെ ഈ പ്രതികരണം ആകെ ഗുണം ചെയ്യുന്നത് ഇടതുപക്ഷത്തിനാണ്. സർവേയെ ചെന്നിത്തല തന്നെ തള്ളി പറഞ്ഞ സാഹചര്യത്തിൽ, അതിനെ കുറിച്ച് മുഖ്യമന്ത്രിയോ ഇടതുപക്ഷ നേതാക്കളോ പ്രതികരിക്കേണ്ട ആവശ്യമേ ഇല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫിന് ഉപയോഗിക്കാവുന്ന ഒരു ആയുധത്തിന്റെ മുനയാണ് ചെന്നിത്തല തന്നെയിപ്പോൾ ഒടിച്ചുകളഞ്ഞത്. വി.ഡി. സതീശന്റെയോ കെ.സി. വേണുഗോപാലിന്റെയോ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ വെറുമൊരു മന്ത്രിയായി ഇരിക്കേണ്ടി വരിക എന്നത് ചെന്നിത്തലക്ക് ചിന്തിക്കാനുപോലും കഴിയാത്ത കാര്യമാണ്.

അതേസമയം, സർവേകളുടെ വിശ്വാസ്യതയെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഉയരുന്നത്. വളരെ കുറച്ച് പേരെ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഇത്തരം സർവേകൾക്ക് ഒരു ‘തട്ടിപ്പ് രീതിയുടെ’ സ്വഭാവമുണ്ടെന്ന വിമർശനം ശക്തമാണ്. കേരളത്തിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും, 50 ശതമാനത്തിലധികം ജനങ്ങൾ സർക്കാരിനെക്കുറിച്ച് അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നും എൻഡിടിവി വോട്ട് വൈബ് സർവേ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, ഇത്തരം കണക്കുകൾ എത്രത്തോളം യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.