...
Home News National നീറ്റ് പേപ്പർ ചോർച്ച; എൻടിഎ വിദഗ്‌ദരാണ് ചോർച്ചയുടെ മുഖ്യ ഉറവിടമെന്ന് സിബിഐ കുറ്റപത്രം

നീറ്റ് പേപ്പർ ചോർച്ച; എൻടിഎ വിദഗ്‌ദരാണ് ചോർച്ചയുടെ മുഖ്യ ഉറവിടമെന്ന് സിബിഐ കുറ്റപത്രം

രാജസ്ഥാനിലും ഹരിയാനയിലുമുള്ള ചില വ്യക്തികൾ വഴി പണത്തിനായി ഉദ്യോഗാർത്ഥികൾക്ക് ചോദ്യപേപ്പറുകൾ മുൻകൂട്ടി വിതരണം ചെയ്‌തു

3

ദേശീയ പരിശോധനാ ഏജൻസിയിലെ (എൻ‌ടി‌എ) മൂന്ന് വിഷയ വിദഗ്‌ദരാണ് നീറ്റ് പേപ്പർ ചോർച്ചയുടെ പ്രാഥമിക ഉറവിടങ്ങളെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (സിബിഐ) അന്തിമ കുറ്റപത്രത്തിൽ വെളിപ്പെടുത്തൽ. രസതന്ത്രം വിദഗ്‌ദൻ പിവി കുൽക്കർണി, ഭൗതികശാസ്ത്ര വിദഗ്‌ദ മനീശ സഞ്ജയ് ഹവൽദാർ, സസ്യശാസ്ത്ര- ജന്തുശാസ്ത്ര വിദഗ്ധ മനീശ ഗുരുനാഥ് മന്ധാരെ എന്നിവരാണ് കേസിൽ പ്രതികളായിട്ടുള്ളത്. പബ്ലിക് എക്സാമിനേഷൻസ് ആക്ട് പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് ഏജൻസി കുറ്റപത്രം സമർപ്പിച്ചത്.

കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തലുകൾ

വിദഗ്‌ദരുടെ പങ്ക്: എൻടിഎയുടെ രഹസ്യ വിഭാഗത്തിൽ വിവർത്തന ജോലികൾക്കായി നൽകിയ പ്ലെയിൻ ഷീറ്റുകൾ ഉപയോഗിച്ച് പ്രതികൾ ചോദ്യങ്ങൾ ചോർത്തുകയായിരുന്നു. രസതന്ത്രത്തിലെ 135 ചോദ്യങ്ങളും ഉത്തരങ്ങളും കുൽക്കർണി ചെറിയ കുറിപ്പുകളായി എഴുതി മറച്ചു വെച്ച് പുറത്തെത്തിച്ചു.

സുരക്ഷാ വീഴ്‌ച: എൻ‌ടി‌എ ഓഫീസിലെ രഹസ്യ വിഭാഗത്തിൽ പ്രവേശിക്കുമ്പോഴോ പുറത്തു കടക്കുമ്പോഴോ വിദഗ്‌ദരുടെ വിശദമായ പരിശോധന ഉണ്ടായിരുന്നില്ല. കൂടാതെ, ഓഫീസിൽ സിസിടിവി ലൈവ് ഫീഡ് മോണിറ്ററിംഗ് കൺട്രോൾ റൂം ഇല്ലാതിരുന്നതും ചോർച്ചക്ക്‌ സഹായകരമായി.

വിവർത്തനവും ഒളിച്ചുകടത്തലും

ഭൗതികശാസ്ത്ര വിദഗ്ധയായ മനീശ സഞ്ജയ് ഹവൽദാർ ജോലി കഴിഞ്ഞു ഡൽഹിയിലെത്തി ചോദ്യങ്ങൾ ചുരുക്കത്തിൽ എഴുതിയെടുക്കുമായിരുന്നു. ജൈവശാസ്ത്ര വിദഗ്‌ദയായ മനീശ മന്ധാരെ ഹോട്ടൽ മുറിയിൽ മടങ്ങിയ ശേഷം എൻസിഇആർടി പാഠപുസ്‍തകങ്ങളിൽ പ്രസക്തമായ ഭാഗങ്ങൾ അടയാളപ്പെടുത്തി ചോദ്യങ്ങൾ ചോർത്തി.

ഇടനിലക്കാരും ശൃംഖലയും: വിദഗ്‌ദരിൽ നിന്ന് ചോദ്യങ്ങൾ ഇടനിലക്കാരുടെ ഒരു വലിയ ശൃംഖലയിലേക്കാണ് എത്തിയത്. തേജസ് ഹർഷദ് കുമാർ ഷാ, ഡോ. മനോജ് ബഗ്വാൻറാവു ഷിരൂരെ, ശിവരാജ് മൊട്ടേഗാവ്കർ തുടങ്ങിയവരാണ് ചോദ്യങ്ങൾ കൈപ്പറ്റിയത്. ഇവരിൽ ചിലർ കോച്ചിംഗ് സ്ഥാപനങ്ങളും നടത്തിയിരുന്നു.

അവസാന കണ്ണി: രാജസ്ഥാനിലും ഹരിയാനയിലുമുള്ള ചില വ്യക്തികൾ വഴി പണത്തിനായി ഉദ്യോഗാർത്ഥികൾക്ക് ചോദ്യപേപ്പറുകൾ മുൻകൂട്ടി വിതരണം ചെയ്‌തു. 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് ഇതിനായി വില നിശ്ചയിച്ചിരുന്നത്.

ഫോറൻസിക് സ്ഥിരീകരണം

പിടിച്ചെടുത്ത ചോദ്യ സെറ്റുകളിലെ കൈയക്ഷരം വിഷയ വിദഗ്ധരുടേതുമായി പൊരുത്തപ്പെടുന്നതായി ഗവൺമെന്റ് എക്‌സാമിനർ ഓഫ് ക്വസ്റ്റ്യൻഡ് ഡോക്യുമെന്റ്സിൻ്റെ (GEQD) ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കുൽക്കർണിയുടെയും മനീഷ ഹവൽദാറിൻ്റെയും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും ചോദ്യങ്ങളുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ആസൂത്രിത നീക്കത്തിൽ ഉദ്യോഗാർത്ഥികൾക്കും വിദഗ്‌ദർക്കുമിടയിൽ കണ്ണിയായി പ്രവർത്തിച്ച മനീഷ സഞ്ജയ് വാഗ്മാരെയും കേസിൽ പ്രതിയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.