നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കോടതി സുപ്രധാന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 18 വയസ്സിന് താഴെയുള്ളവരെയും ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥി പ്രതിഷേധക്കാരെയും ഉടൻ വിട്ടയക്കണമെന്ന് കോടതി ചൊവ്വാഴ്ച നിർദേശിച്ചു.
അതേസമയം, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇലക്ട്രോണിക്, ഡിജിറ്റൽ തെളിവുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും സുപ്രീം കോടതി ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.
സ്വതന്ത്ര അന്വേഷണത്തിന് പ്രഥമദൃഷ്ട്യാ സാഹചര്യമെന്ന് കോടതി
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമം സംബന്ധിച്ച ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെടുന്നതാണെന്ന് നിരീക്ഷിച്ചു. പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം നടന്നെന്നാരോപിച്ച് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.
ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ച് പ്രതിഷേധങ്ങൾ നടന്ന സംസ്ഥാനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, ബോഡി ക്യാമറ റെക്കോർഡുകൾ, വയർലെസ് ആശയവിനിമയ രേഖകൾ, പി.സി.ആർ. ലോഗുകൾ ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ തെളിവുകളും സംരക്ഷിക്കണമെന്ന് നിർദേശിച്ചു.
പ്രതിഷേധക്കാരുമായി ബന്ധപ്പെട്ട് ശേഖരിച്ചിട്ടുള്ള ഡിജിറ്റൽ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും, എന്നാൽ അവ പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.
ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഇളവില്ല
ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ഉത്തരവിന്റെ പരിരക്ഷ ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, യോഗ്യരായ വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ അന്വേഷണത്തിനിടെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്നും ബെഞ്ച് നിർദേശിച്ചു.
രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിലെ അന്വേഷണം തുടരാൻ ഡൽഹി സർക്കാരിന് കോടതി അനുമതി നൽകിയെങ്കിലും, അന്വേഷണം പുരോഗമിക്കുന്നതിനിടെ വിദ്യാർഥികൾക്കെതിരെ ബലപ്രയോഗമോ അനാവശ്യ നടപടികളോ ഉണ്ടാകരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളോട് വിശദീകരണം തേടി
ഹർജികളിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, കേരളം, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി വിശദീകരണം തേടി.
“വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമം സംബന്ധിച്ച ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ സ്വതന്ത്ര അന്വേഷണത്തിന് അർഹമാണ്. അതോടൊപ്പം പ്രതിഷേധത്തിനിടെ പരിക്കേറ്റതായി പറയുന്ന 200-ലധികം പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്കകളും അന്വേഷണത്തിൽ പരിഗണിക്കേണ്ടതുണ്ട്,” എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
എസ്.ഐ.ടി. രൂപീകരണവും പരിഗണനയിൽ
പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അല്ലെങ്കിൽ സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഇതിനുമുമ്പ് കേന്ദ്ര സർക്കാരിന്റെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും നിലപാട് രേഖപ്പെടുത്താൻ കോടതി നിർദേശം നൽകി.
പോലീസ് അതിക്രമം സംബന്ധിച്ച ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്താൻ എന്തുകൊണ്ട് കഴിയില്ലെന്ന ചോദ്യവും കോടതി തുടക്കത്തിൽ തന്നെ ഉന്നയിച്ചു.
“ആരാണ് നിയമം കൈയിലെടുത്തതെങ്കിലും, അവർക്ക് എതിരേ നിയമനടപടി സ്വീകരിക്കണം. നിയമം എല്ലാവർക്കും ഒരുപോലെയാണ്,” എന്ന് ബെഞ്ച് വ്യക്തമാക്കി.


