Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
നെന്മാറ ഇരട്ടക്കൊല; ‘റെയറസ്റ്റ് ഓഫ് റെയർ’ കേസെന്ന് വിലയിരുത്തി വധശിക്ഷ | Nalamidam
19 September 2026
Home News Kerala നെന്മാറ ഇരട്ടക്കൊല; ‘റെയറസ്റ്റ് ഓഫ് റെയർ’ കേസെന്ന് വിലയിരുത്തി വധശിക്ഷ

നെന്മാറ ഇരട്ടക്കൊല; ‘റെയറസ്റ്റ് ഓഫ് റെയർ’ കേസെന്ന് വിലയിരുത്തി വധശിക്ഷ

മറ്റൊരു കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പ്രതി ഈ കുറ്റകൃത്യം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി

117

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. 20 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പിഴത്തുക കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾക്ക് നൽകാനാണ് ഉത്തരവ്.

‘അപൂർവത്തിൽ അപൂർവം’ വിഭാഗത്തിൽപ്പെടുന്ന കേസാണിതെന്ന് വിലയിരുത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. സുധാകരൻ്റെ മക്കൾക്ക് പ്രതി ഇപ്പോഴും ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ മറ്റൊരു കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് പ്രതി ഈ കുറ്റകൃത്യം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

മുത്തശ്ശിയെയും കൊലപ്പെടുത്തിയതോടെ സുധാകരൻ്റെ മക്കൾക്ക് ജീവിക്കാനുള്ള അവസാന അത്താണിയും നഷ്ടമായതായി കോടതി വ്യക്തമാക്കി. പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സാധ്യതയില്ലെന്നാണ് കോടതിക്ക് ലഭിച്ച റിപ്പോർട്ടിലുള്ള വിലയിരുത്തൽ. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സാക്ഷിമൊഴികളും തെളിവുകളും വ്യക്തമാക്കുന്നതായും കോടതി പറഞ്ഞു.

കുറ്റകൃത്യത്തെ പ്രതി തുടർച്ചയായി ന്യായീകരിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ജയിലിൽ ജോലി ചെയ്ത് സുധാകരന്റെ മക്കൾക്ക് പണം നൽകണമെന്ന പ്രതിയുടെ പ്രസ്താവന മാത്രമാണ് ആത്മാർഥമായി തോന്നിയതെന്നും കോടതി അഭിപ്രായപ്പെട്ടു.

വീട്ടിൽ നിന്ന് കണ്ടെത്തിയ വിഷം മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യ ചെയ്യാനായി സൂക്ഷിച്ചതാണെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി തള്ളി. ആത്മഹത്യാശ്രമം സംബന്ധിച്ച വാദത്തിന് മതിയായ തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി.

കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ മാറ്റം സംഭവിക്കുന്നതായും ഒറ്റപ്പെട്ട ജീവിതങ്ങൾ വർധിക്കുന്നതായും അതിനൊപ്പം ക്രൂരമായ കൊലപാതകങ്ങളും കൂടിവരുന്നതായും കോടതി നിരീക്ഷിച്ചു. ഇരകളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

‘എല്ലാ കുറ്റവാളികൾക്കും ഒരു ഭാവിയുണ്ട്, എല്ലാ വിശുദ്ധർക്കും ഒരു ഭൂതകാലവുമുണ്ട്. ശിക്ഷ വിധിക്കുമ്പോൾ പ്രതിയുടെ മാനസാന്തര സാധ്യതയും കോടതി പരിഗണിക്കാറുണ്ട്. എന്നാൽ സമൂഹത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ വധശിക്ഷ നൽകാമെന്ന് വിവിധ ഹൈക്കോടതി വിധികൾ വ്യക്തമാക്കുന്നുണ്ട്’ എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.