നേപ്പാളിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ യുവാക്കളുടെ നേതൃത്വത്തിലുള്ള ജനറൽ ഇസഡ് ഗ്രൂപ്പ് പ്രകടനങ്ങളിൽ മരിച്ചവരുടെ എണ്ണം 34 ആയി. ആയതിനാൽ, പാർലമെന്റ് പിരിച്ചു വിടുകയും ജനങ്ങളുടെ ഇഷ്‌ടം പ്രതിഫലിപ്പിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്യണമെന്ന് വ്യാഴാഴ്‌ച ആവശ്യപ്പെട്ടു.
നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി ജനറൽ ഇസഡ് പ്രതിഷേധക്കാർ കാഠ്മണ്ഡുവിൽ ഒരു വാർത്താസമ്മേളനം സംഘടിപ്പിച്ചു. അതേസമയം അവരുടെ ചില പ്രതിനിധികൾ പ്രസിഡന്റ് രാമചന്ദ്ര പൗഡേലുമായും കരസേനാ മേധാവി അശോക് രാജ് സിഗ്ഡേലുമായും സൈനിക ആസ്ഥാനത്ത് ചർച്ചകൾ നടത്തുകയായിരുന്നു.
സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും ഒരു പരിഹാരം കണ്ടെത്തേണ്ടതിൻ്റെ ആവശ്യകത ജനറൽ ഇസഡ് പ്രവർത്തകർ ചടങ്ങിൽ അടിവരയിട്ടു. ജനറൽ ഇസഡ് ഗ്രൂപ്പിൻ്റെ പ്രതിനിധികളായ ദിവാകർ ദംഗൽ, അമിത് ബനിയ, ജുനാൽ ദംഗൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
“പഴയ രാഷ്ട്രീയ പാർട്ടികളെ അവരുടെ നിക്‌ഷിപ്‌ത താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് അവർ മുന്നറിയിപ്പ് നൽകി. “ഇത് പൂർണമായും ഒരു സിവിലിയൻ പ്രസ്ഥാനമാണ്. അതിനാൽ ഇതിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കരുത്,” -ഒരു ആക്ടിവിസ്റ്റ് പറഞ്ഞു.
“ദേശീയ പരമാധികാരം, ഐക്യം, ആത്മാഭിമാനം എന്നിവ സംരക്ഷിക്കുക എന്നത് നമ്മുടെ മുന്നിലുള്ള ഒരു വെല്ലുവിളിയാണ്,” -ദംഗൽ പറഞ്ഞു. “നേപ്പാളിലെ ജനങ്ങളുടെ ക്ഷേമവും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ഈ ദുഷ്‌കരമായ സാഹചര്യത്തിൽ നാമെല്ലാവരും ഒന്നിക്കണം.”
ജനങ്ങളുടെ വികാരത്തിന് അനുസരിച്ച് പാർലമെന്റ് പിരിച്ചു വിടണമെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും മറ്റൊരു ആക്ടിവിസ്റ്റ് പറഞ്ഞു. “ഭരണഘടന പൊളിച്ചു മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. പക്ഷേ ജനങ്ങളുടെ ആശങ്കകൾ ഉൾപ്പെടുത്തി ചില പ്രധാന ഭേദഗതികൾ വരുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” -അദ്ദേഹം പറഞ്ഞു.
ചില പ്രവർത്തകർ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചപ്പോൾ മറ്റു ചിലർ നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ സിഇഒ കുൽമാൻ ഗിസിങ്ങിനെ പിന്തുണച്ചു.
രാജ്യത്തിൻ്റെ നേതൃത്വം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പകരം ഒരു കാവൽ നായയായി മാറാൻ ഉദ്ദേശിക്കുന്നുവെന്നും മറ്റൊരു ആക്ടിവിസ്റ്റ് പറഞ്ഞു. “ഞങ്ങൾ സർക്കാരിൽ പങ്കെടുക്കില്ല. മറിച്ച് ഒരു കാവൽ നായയായി തുടരാനാണ് ആഗ്രഹിക്കുന്നത്.”
അതേസമയം, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 34 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ 1,338 പേർ ചികിത്സയിലുണ്ട്. 949 പേർ ഇതിനകം ആശുപത്രി വിട്ടു.
അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനും എതിരെ തിങ്കളാഴ്‌ച നടന്ന പ്രതിഷേധത്തിനിടെ പോലീസ് നടപടിയിൽ കുറഞ്ഞത് 19 പേരുടെ മരണത്തിന് കാരണമായ പ്രധാനമന്ത്രി കെപി ശർമ്മ ഒലി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രക്ഷോഭകർ അദ്ദേഹത്തിൻ്റെ ഓഫീസിലേക്ക് കയറിയതിന് തൊട്ടു പിന്നാലെയാണ് ചൊവ്വാഴ്‌ച അദ്ദേഹം രാജിവച്ചത്. സോഷ്യൽ മീഡിയക്കുള്ള വിലക്ക് തിങ്കളാഴ്‌ച രാത്രി നീക്കി.
പ്രധാനമന്ത്രി ഒലിയുടെ രാജി പ്രസിഡന്റ് പോഡൽ സ്വീകരിച്ചു. എന്നാൽ പുതിയ മന്ത്രിമാരുടെ കൗൺസിൽ രൂപീകരിക്കുന്നതുവരെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സർക്കാരിനെ നയിക്കുമെന്ന് പ്രഖ്യാപിച്ചു.



