...
Home News International നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കും; ടിക്ടോക് വിലക്ക് നീക്കി നേപ്പാൾ

നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കും; ടിക്ടോക് വിലക്ക് നീക്കി നേപ്പാൾ

നേപ്പാളിലെ വിലക്ക് നീങ്ങിയതില്‍ ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സ് സംതൃപ്തരാണ് എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പുതിയ ധാരണ പ്രകാരം അനുചിതമായി തോന്നുന്ന വീഡിയോ കണ്ടന്‍റുകള്‍ നീക്കം ചെയ്യപ്പെടും.

202

ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക്കിനുള്ള നിരോധനം നീക്കി നേപ്പാള്‍. അപ്ലിക്കേഷന്റെ ദുരുപയോഗം വര്‍ധിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് ടിക്‌ടോക്കിന് നേപ്പാൾ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. നേപ്പാളിലെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാമെന്ന് ടിക്‌ടോക് ഉറപ്പുനല്‍കിയതോടെയാണ് ഒമ്പത് മാസം നീണ്ടുനിന്ന വിലക്ക് നേപ്പാൾ നീക്കിയത്.

വീഡിയോ ഷെയറിംഗ് ആപ്പായ ടിക്‌ടോക്കിനെ രാജ്യത്തിന്‍റെ സാഹോദര്യവും അന്തസും തകര്‍ക്കുന്നു എന്ന് പറഞ്ഞായിരുന്നു നേപ്പാള്‍ 2023 നവംബറില്‍ വിലക്കിയത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തായിരുന്നു ഈ നിരോധനം. ഇപ്പോള്‍ പുതിയ മന്ത്രിസഭയുടെ കാബിനറ്റ് യോഗമാണ് വിലക്ക് നീക്കിയത്.

ടിക്‌ടോക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷങ്ങളുമായി ബന്ധപ്പെട്ട് നേപ്പാളിലെ നിയമ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ടിക്ടോക് ഉറപ്പുനല്‍കി. വീഡിയോ കണ്ടന്‍റില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും നേപ്പാള്‍ സര്‍ക്കാരിന് ടിക്ടോക് വാക്കുനല്‍കിയതോടെയാണ് വിലക്ക് നീങ്ങിയത്.

നേപ്പാളിലെ വിലക്ക് നീങ്ങിയതില്‍ ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സ് സംതൃപ്തരാണ് എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പുതിയ ധാരണ പ്രകാരം അനുചിതമായി തോന്നുന്ന വീഡിയോ കണ്ടന്‍റുകള്‍ നീക്കം ചെയ്യപ്പെടും. ടിക്‌ടോക് വീഡിയോ ഉള്ളടക്കം നേപ്പാള്‍ പൊലീസിന്‍റെ സൈബര്‍ വിഭാഗം നിരീക്ഷിക്കും.

ടിക്‌ടോക്കിന്‍റെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നേപ്പാളില്‍ ഏറെ ആശങ്കകള്‍ മുമ്പ് ഉയര്‍ന്നിരുന്നു. ചില കണ്ടന്‍റുകള്‍ ആളുകളുടെ മരണത്തിന് വരെ പ്രേരകമായതായി അവിടെ പരാതിയുയര്‍ന്നിരുന്നു. നാല് വര്‍ഷത്തിനിടെ ടിക്ടോക്കുമായി ബന്ധപ്പെട്ട് 1,600ലധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയതാണ് കഴിഞ്ഞ നവംബറില്‍ ടിക്‌ടോക്കിനെ പൂട്ടാന്‍ നേപ്പാളിനെ പ്രേരിപ്പിച്ചത്. ടിക്‌ടോക്കിനെ നേപ്പാളില്‍ നിരോധിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 22 ലക്ഷം യൂസര്‍മാര്‍ ടിക്ടോക്കിന് നേപ്പാളിലുണ്ടിയിരുന്നതായാണ് കണക്ക്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.