...
Home News National ഭീതിയൊഴിയാതെ നേപ്പാൾ

ഭീതിയൊഴിയാതെ നേപ്പാൾ

ദുരന്ത പശ്ചാത്തലത്തിൽ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവിധ മാനുഷിക സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

3

ബുധനാഴ്ച രാവിലെ ഒൻപതോടെ ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതിനെ തുടർന്ന് നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായി. പ്രളയക്കെടുതിയിൽ ഇതുവരെ 31 പേരുടെ മരണം സ്ഥിരീകരിച്ചു. 93 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികളായ 105 ഇന്ത്യക്കാർ ഉൾപ്പെടെ നാനൂറോളം പേരെയാണ് പ്രളയത്തെ തുടർന്ന് കാണാതായിരിക്കുന്നത്. ദുരന്തത്തിൽ കനത്ത നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ കാണാതായവർക്കായുള്ള തിരച്ചിൽ അതീവ ഊർജിതമായി തുടരുകയാണ്.

നേപ്പാൾ ടൂറിസം അധികൃതർ നൽകിയ കണക്കുകൾ പ്രകാരം കാണാതായ 291 വിദേശികളിൽ 105 പേരും ഇന്ത്യക്കാരാണ്. കാണാതായ ഇന്ത്യക്കാരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. മറ്റ് വിദേശികളിൽ മലേഷ്യയിൽ നിന്നുള്ള 17 പേരും, ബ്രിട്ടനിൽ നിന്നുള്ള 12 പേരും, മൂന്ന് അമേരിക്കൻ പൗരന്മാരും ഉൾപ്പെടുന്നു. കൂടാതെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള നാല് പേരും ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും കാണാതായവരിൽ ഉണ്ട്. ശേഷിക്കുന്ന 103 പേരുടെ രാജ്യം ഏതാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. പ്രളയത്തിൽ അതിർത്തി പ്രദേശങ്ങളായ തിമുരെ, സ്യാബ്രുബെസി എന്നിവിടങ്ങളിലെ നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോവുകയും നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലാവുകയും ചെയ്തു.

ദുരന്ത പശ്ചാത്തലത്തിൽ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവിധ മാനുഷിക സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇന്ത്യൻ സംഘങ്ങൾ നേപ്പാളിനൊപ്പം സജീവമായി രംഗത്തുണ്ട്. ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നേപ്പാളിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ്ലൈൻ നമ്പറുകളായ +977 985 131 6807, +977 970 910 7500 എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

അതിർത്തിയിലെ മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാളിൽ നിന്നും താഴേക്ക് ഒഴുകിയെത്തുന്ന നദികളിൽ ജലനിരപ്പ് കനത്ത രീതിയിൽ ഉയരുമെന്ന ഭീതിയിലാണ് ഇന്ത്യൻ അതിർത്തി സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ ഇതിനകം തന്നെ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നൊഴുകി ബിഹാറിലേക്ക് എത്തുന്ന പ്രധാന നദികളായ ഗന്ധക്, കോസി എന്നിവയിൽ ജലനിരപ്പ് വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. സാഹചര്യം നേരിടാൻ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അടിയന്തര യോഗങ്ങൾ വിളിച്ചുകൂട്ടുകയും ബിഹാർ സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകുകയും ചെയ്തു.

പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തർപ്രദേശ്, ബിഹാർ മുഖ്യമന്ത്രിമാരുമായും ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുമായും ചർച്ച നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. കുതിച്ചെത്തിയ വെള്ളം ഗ്രാമങ്ങളെ തുടച്ചുനീക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന ഭയാനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.