ഗൾഫ് മേഖലയുടെ ഊർജ്ജ ഭൂമികയിൽ ചരിത്രപരമായ ചുവടുവെയ്പ്പുമായി യുഎസ് – സൗദി കമ്പനികളുടെ കൂട്ടായ്മയായ ‘ദ് മെറാ ഓയിൽ’ (The Mera Oil). ഗൾഫ് എണ്ണ കയറ്റുമതി കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കൂറ്റൻ എണ്ണ ശുദ്ധീകരണശാലയും സമ്പർക്ക ഇടനാഴിയും നിർമ്മിക്കാൻ 500 കോടി ഡോളറിന്റെ (ഏകദേശം 41,000 കോടിയിലധികം രൂപ) പദ്ധതി പ്രഖ്യാപിച്ചു.
പ്രതിദിനം രണ്ട് ലക്ഷം ബാരൽ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള അത്യാധുനിക ശുദ്ധീകരണശാലയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. രാജ്യാന്തര എണ്ണക്കപ്പലുകളുടെ സുഗമമായ സഞ്ചാരം ലക്ഷ്യമിട്ട്, സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിന് (Strait of Hormuz) പുറത്തുള്ള ജി.സി.സി രാജ്യങ്ങളിലെ മൂന്ന് സ്ഥലങ്ങളാണ് നിലവിൽ പദ്ധതിക്കായി പരിഗണനയിലുള്ളത്.
ആഴക്കടൽ തുറമുഖം, വലിയ തോതിലുള്ള എണ്ണ സംഭരണശാലകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ഈ വർഷം അവസാനത്തോടെ പദ്ധതിയുടെ അന്തിമ സ്ഥലം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് മെറാ ഓയിൽ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾക്ക് പരിഹാരം കാണാനും എണ്ണ കയറ്റുമതി തടസ്സങ്ങളില്ലാതെ തുടരാനും പുതിയ ഇടനാഴി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


