...
Home News Kerala കേരളത്തിലെ വാർത്താ തീറ്റക്കാർ അഥവാ പ്രേക്ഷകർ വളർത്തുന്ന വാർത്താ ചാനലുകൾ

കേരളത്തിലെ വാർത്താ തീറ്റക്കാർ അഥവാ പ്രേക്ഷകർ വളർത്തുന്ന വാർത്താ ചാനലുകൾ

ഇടതുപക്ഷം രണ്ടാമതും ഭരിക്കുമ്പോൾ , വാർത്താപ്രബുദ്ധരായ ഇടതുപക്ഷക്കാർ ഉള്ളപ്പോൾ കൈരളി ടിവി ഈ നില തുടരുന്നത് മൂലധന വിപണിയുടെ മത്സരം അതിൻ്റെ ഉള്ളിലേക്ക് കടക്കാത്തതു കൊണ്ടാണ്. ബാക്കി ചാനലുകളൊന്നും മാധ്യമ സൽപ്പേരിൽ ഒരിക്കലും പെടില്ല എന്നത് കട്ടായമാണല്ലോ.

465

| അനു പാപ്പച്ചൻ

കേരളത്തിലെ വാർത്താ തീറ്റക്കാർ എത്രയുണ്ടെന്ന, എന്തു കാണുന്നുവെന്ന കണക്കാണ് ഓരോ ആഴ്ചയിലെയും ടിആർപി . സെൻസിറ്റീവ് വാർത്തയുടെ അവതരണത്തിൽ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന മാധ്യമ ധാർമ്മികതയോട് നീതി പുലർത്തിയ കൈരളി ചാനൽ ടിആർപി യിൽ 9 ആം സ്ഥാനത്താണ്. ഏഷ്യനെറ്റ് ന്യൂസ്, 24, മനോരമ ന്യൂസ്, മാതൃഭൂമി, റിപ്പോർട്ടർ, News 18 കേരള, ജനം ടി വി, മീഡിയ വൺ, കൈരളി, രാജ് ന്യൂസ് എന്നിങ്ങനെയാണ് ഒടുവിലെ ക്രമം.

ഇടതുപക്ഷം രണ്ടാമതും ഭരിക്കുമ്പോൾ , വാർത്താപ്രബുദ്ധരായ ഇടതുപക്ഷക്കാർ ഉള്ളപ്പോൾ കൈരളി ടിവി ഈ നില തുടരുന്നത് മൂലധന വിപണിയുടെ മത്സരം അതിൻ്റെ ഉള്ളിലേക്ക് കടക്കാത്തതു കൊണ്ടാണ്. ബാക്കി ചാനലുകളൊന്നും മാധ്യമ സൽപ്പേരിൽ ഒരിക്കലും പെടില്ല എന്നത് കട്ടായമാണല്ലോ. ഓൺലൈൻ നവമാധ്യമങ്ങളിൽ മില്യൺ വ്യൂസ് അടിക്കുന്ന വീഡിയോകളും മാധ്യമ നൈതികതയുടെ നാലയലത്ത് വരില്ല. ചോയിസ് ഉണ്ടായിരുന്നിട്ടും വാർത്താ തീറ്റക്കാർ പോകുന്നത് ഇവിടേക്കൊക്കെയാണ്. എന്താണ് കാരണം?

മാധ്യമ ധാർമ്മികത ക്രൂരമായി ലംഘിക്കുന്നതിന് നിരവധി ഇടങ്ങളിൽ സോദോഹരണം തെളിവു സഹിതം ഉപന്യാസങ്ങൾ വരുന്നുണ്ട്. വിപത്ത് മനസിലാക്കി ടിവി ഉപേക്ഷിച്ചവർ ഇത്രയൊക്കെ നിരത്തി പറഞ്ഞിട്ടും വാർത്താ തീറ്റക്കാരുടെ പാരലൽ ലോകം ബൃഹത്താണ്. നിവർത്തിയില്ലാഞ്ഞിട്ടാണോ അവർ ഇത് കാണേണ്ടി വരുന്നത്.??? അഥവാ ആ കാഴ്ചാ സംസ്ക്കാരത്തിൽ നിന്ന് മുക്തമാവാൻ പറ്റാത്തത് എന്താണ്.?

ഒരുദാഹരണമെഴുതാം. 24 ചാനൽ ശ്രീ കണ്ഠൻ നായരുമായി ന്യൂസ് ഫ്ളോറിലേക്ക് ഗുഡ് മോർണിങ്ങ് പറഞ് ചാടി വീണപ്പോൾ ഇതെന്ത് പൈങ്കിളി എന്ന് ചിരിച്ചവർ പിന്നീട് കാണുന്നത് ഗുഡ് മോണിങ്ങിനൊപ്പം നാട്ടുവീട്ടുവിശേഷങ്ങളുമായി ചാനൽ റേറ്റിങ്ങിലേക്ക് കുതിക്കുന്നതാണ്. ‘No:1: ചാനൽ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഏഷ്യനെറ്റ് താമസിയാതെ ഗുഡ് മോണിങുമായി മുണ്ടുടുത്തിറങ്ങി.നേരത്തെയും എല്ലാ ചാനലുകളിലും ഈ പ്രഭാത ഷോ ഉണ്ടായിരുന്നു. പക്ഷേ 24 ഉണ്ടാക്കിയ ട്രെൻഡിനോട് മത്സരിച്ചു മറ്റുള്ളവരും പൈങ്കിളി ചോദ്യങ്ങൾ ചോദിക്കാനും നാട്ടുകാരുടെ നുറുങ്ങുകൾ വായിക്കാനും തുടങ്ങി.

അക്കാദമിക്കായ അരുൺകുമാറിന് പ്രൊഫസർ എന്നല്ല, മൊട്ട അരുൺ എന്ന പേരാണ് അസ്തിത്വവും അലങ്കാരവുമായത്. മാതൃഭൂമിയും മനോരമയും മീഡിയവ ണ്ണും മറ്റും അവരവരുടെ വെറൈറ്റികളുമായി തങ്ങളുടെ വാർത്താ തീറ്റക്കാരെ തന്നെയാണ് സമീപിക്കുന്നത്. ‘റിപ്പോർട്ടർ’ ചാനൽ ആദ്യം തുടങ്ങുമ്പോൾ ഓരോ പൗരനും ഓരോ റിപ്പോർട്ടർ എന്ന സങ്കല്പമാണിത് എന്ന് പങ്കുവച്ച നികേഷ് കുമാറിൻ്റെ ഇന്ത്യാ വിഷൻ മുതൽ പുതിയ റിപ്പോർട്ടർ വരെയുള്ള മാധ്യമ ജീവിതം ഈ മീഡിയത്തിൻ്റെ പരിണാമം വിലയിരുത്താനുള്ള സ്പെസിമനാണ്. സ്മൃതിയെയും സുജയയെയും ഒരു പ്ലാറ്റ്ഫോമിലിരുത്തി നടുക്കിരിക്കുന്ന നികേഷ് കുമാറിനെ
മലയാളിയുടെ വാർത്താ തീറ്റയുടെ പാറ്റേൺ 100 % മനസിലാക്കിയ തഴക്കം വന്ന മാധ്യമ പ്രവർത്തകൻ എന്നു വിളിക്കണം. ഫേസ്ബുക്കിലെ പ്രബുദ്ധർ “സഹതാപം മിസ്റ്റർ നികേഷ് ” എന്നൊക്കെയെഴുതി തളരുമെന്നേയുള്ളൂ.

താമര കൃഷിയെപ്പറ്റിയുള്ള വാർത്തയുടെ സ്ലഗിൽ “ചെന്താമരയേ വാ…” എന്ന മട്ടിൽ മാധ്യമ പ്രവർത്തനഭാഷ മാറ്റിയത് ആദ്യം മനോരമ ന്യൂസാണ്. മിക്കവാറും അന്ന് റേറ്റിങ്ങിൽ വരാറുള്ള മനോരമ ന്യൂസ് ലെ “നിങ്ങളാവശ്യപ്പെട്ട വാർത്തകൾ ‘ എന്ന പരിപാടി ഒരാഴ്ചത്തെ മൊത്തം വാർത്തകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മൃദു / പൈങ്കിളി / വികാര / വാർത്തകളാണ്. ജാതികേരളത്തിലാണ് അന്ന് ജയമോഹൻ, ജയമോഹൻ നായരാവുന്നതും.അനു പി.പി അനു പാപ്പച്ചനാവുന്നതും . മാധ്യമങ്ങളിലെ പെണ്ണുങ്ങൾ ഉടുപ്പിലും ഒരുക്കത്തിലും പെർഫോമൻസിലും മാറ്റങ്ങൾ വരുത്തിയതിന് മനോരമ ന്യൂസ് മാധ്യമ പ്രവർത്തന കാലഘട്ടം തന്നെ ഉദാഹരണമാണ്.

കൺസ്യൂമർ കാലഘട്ടത്തിൽ നോർത്ത് ഇന്ത്യൻ ചാനലുകളായിരുന്നു മനോരമ ന്യൂസിന് താരതമ്യത്തിനുള്ള മാനദണ്ഡം. അതിന് തൊട്ടു മുൻപത്തെ കാലം വരെ കോട്ടും സ്യൂട്ടും ഇട്ട് അടച്ചു വച്ച പെൺശരീരങ്ങൾ തുറന്നു .ചുരുണ്ട മുടിയെല്ലാം നിവർത്തി. മുഖം പ്രൊഫഷണലായി തന്നെ മിനുക്കി. കഴുത്തിൽ ഷാളിടേണ്ട വിധം മുതൽ സാരിയുടെ പ്ലീറ്റ് ഇടണ്ട സ്റ്റൈൽ വരെ നിർണ്ണയിക്കപ്പെട്ടു.വാർത്തയറിയാനിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് വാർത്താ അവതാരകയെ കൂടി കൺസേൺ (സ്യൂo) ചെയ്യത്തക്ക വിധം വ്യാപകമാറ്റം ഉണ്ടാക്കിയത് മനോരമ ന്യൂസാണ്. വിപണി ഉണ്ടാക്കിയ പുതിയ വിഷൽ കൾച്ചറിനെപ്പറ്റി പ്രൊഫഷനലായി ബോധ്യപ്പെട്ടവരായിരുന്നു അതിൻ്റെ തലപ്പത്ത്. അത് അക്കാലത്ത് ക്ലിക്ക് ചെയ്തു. ഭൂരിപക്ഷവും പിന്നീട് ആ മാറ്റത്തിലേക്ക് മാറുകയുണ്ടായി.

ഒരു വ്യക്ത്യനുഭവം മറക്കാനാവില്ല. കുഞ്ഞിന് പാലു കൊടുക്കുന്ന കാലം. നൈറ്റ് ഷിഫ്റ്റ് തുടരെത്തുടരേ കിട്ടുമ്പോൾ (അല്ലേൽ പുലർഷിഫ്റ്റ് ) ഒരു 10-6 ജനറൽ ഷിഫ്റ്റ് ചോദിക്കും.ഡസ്ക്ചീ ഫിൻ്റെ ഒരു പറച്ചിലുണ്ടായി. ” ഗൾഫ് പ്രേക്ഷകർ ഒരു പാട് ഉള്ളതാ. രാത്രി ബുളറ്റിനിൽ മലയാളിത്ത മുഖത്തിനാണ് റേറ്റിങ്ങ്… മലയാളിത്ത മുഖത്തിൽ നിർവൃതിപ്പെട്ടിരിക്കെ ഒരു ദിവസം ഗൾഫ് നമ്പറിൽ നിന്ന് ഒരു മെസേജ് വന്നു. അനു Or….. ( മറ്റൊരു പേർ ). വായിക്കുന്നത് കാണാനിഷ്ടം. സന്തോഷം തെളിയുന്നതിന് തൊട്ടുപിറകെ അടുത്ത വാചകം…. രാത്രി ഇയാളെ കണ്ടാൽ സാധനം അപ്പോൾ പൊങ്ങും. സ്ക്രിനിൽ വെറുതെ നോക്കിയിരുന്നാൽ മതി. ആ ചുണ്ടും കണ്ണും…. അപ്പോൾ എൻ്റെ പോകും.. വാർത്തയെയും ഒപ്പം അവതാരകയെയും അയാൾക്കിഷ്ടം പ്രതി കൺസ്യൂം ചെയ്ത വാർത്താ തീറ്റക്കാരനെ ഓർമ്മിച്ചലോസരപ്പെട്ടാണ് പോരുന്ന വരെയും രാത്രി ഫ്ളോറിൽ കയറിയിട്ടുള്ളത്. ശബ്ദം, സ്ഫുടത എന്നിവയെ സംബന്ധിച്ച് വല്ലപ്പോഴും കിട്ടിയ കോംപ്ലിമെൻറുകളേക്കാളും അത് ഓർമ്മയിലൊട്ടിയിരിക്കുന്നു.

രാവിലെ മുതൽ ബുള്ളറ്റിനുകളിൽ കേട്ടുകൊണ്ടിരുന്ന ക്രൈം സംബന്ധിച്ച വാർത്തകൾ കുറ്റപത്രം, FIR പേരുകളിൽ രാത്രി പ്രത്യേക ബുള്ളറ്റിനായി അവതരണ വിധം മാറാൻ തുടങ്ങിയതും പ്രത്യേക കാലത്താണ് .അതിൻ്റെ മൊണ്ടാഷ് മുതൽ വാർത്താവതരണം വരെ സിനിമാറ്റിക്കായി. വിഷൽ പാറ്റേൺ അപ്പാടെ മാറി. അകമ്പടിക്ക്മൂ സിക്കായി.ഗ്രാഫിക്സായി. അധമ വികാരങ്ങളെ പല വിധം അടിച്ചമർത്തി ജീവിക്കുന്ന കൺസ്യൂമേഴ്സ് ക്രൈം വാർത്തക്ക് റേറ്റിങ്ങിൽ ഭേദപ്പെട്ട സ്ഥാനം കൊടുത്തു.

എസൻസും മായവും കളറും ചേർക്കാത്ത ആരോഗ്യകരമായ ഭക്ഷണമാണ് നല്ലത് / വേണ്ടത് എന്നറിഞ്ഞാലും ഏതു നഗരത്തിലും അജിനോമോട്ടോയാദി മായം നിറച്ച ഭക്ഷണങ്ങൾക്ക് വൻ തിരക്കാണ്.നല്ല ഭക്ഷണം ശരീരത്തിന് വേണം എന്നറിയാം. ഡോക്ടർമാരുടെ മുന്നറിയിപ്പുകൾ ഉണ്ട്.സ്വയവും ബോധ്യമുണ്ട്. എങ്കിലും വീട്ടിലെ നല്ല ഭക്ഷണം ഉപേക്ഷിച്ച് അവിടെ പോകുന്നു എന്നതുപോലെ മസാല പുരട്ടിയ വാർത്തകൾ കൺസ്യും ചെയ്യുന്നത് ലക്ഷം പേരാണ്. മാധ്യമങ്ങളാണോ അവരെ വളർത്തുന്ന വാർത്താ തീറ്റക്കാരാണോ ആദ്യം മാറേണ്ടത് ? TRP ഒക്കെ നോക്കണോ? വേണ്ടേ പുതിയ മാധ്യമ സംസ്കാരം? എന്നീ ചോദ്യങ്ങൾ ചോദിച്ചാൽ????

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.