വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനുകളിൽ തത്കാൽ ക്വാട്ട അനുവദിച്ചിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ. അതിനാൽ ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തത്കാൽ പദ്ധതിയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല. അഡ്വാൻസ് റിസർവേഷൻ കാലയളവിൽ (ARP) മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. യാത്രക്കാർക്ക് മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കുന്നതിനായാണ് എല്ലാ ബെർത്തുകളും ജനറൽ റിസർവേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. ശിവം ശർമ്മ വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് മൂന്ന് ജോഡി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഹൗറ–കാമാഖ്യ, വാരാണസി–ന്യൂഡൽഹി, ബെംഗളൂരു–മുംബൈ റൂട്ടുകളിലാണ് ഇവ ഓടുന്നത്.
മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്ത ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്. 11 എസി ത്രീ ടയർ, നാല് എസി ടു ടയർ, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ആകെ 823 യാത്രക്കാർക്ക് യാത്ര ചെയ്യാം.
ടിക്കറ്റ് റിസർവേഷനിലും റെയിൽവേ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിരീകരിച്ച ടിക്കറ്റുള്ളവർക്ക് മാത്രമേ ട്രെയിനിൽ കയറാൻ അനുവാദമുള്ളൂ. ആർഎസി, വെയ്റ്റ്‌ലിസ്റ്റ്, ഭാഗികമായി സ്ഥിരീകരിച്ച ടിക്കറ്റുകൾ എന്നിവയുള്ളവർക്ക് യാത്ര ചെയ്യാനാകില്ല.
ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങൾ
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലെ സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കുമ്പോൾ സമയത്തിനനുസരിച്ച് നിരക്കിന്റെ നിശ്ചിത ശതമാനം പിഴയായി ഈടാക്കും.
- ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിലധികം മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ നിരക്കിന്റെ 25 ശതമാനം കുറയ്ക്കും.
- പുറപ്പെടുന്നതിന് 72 മണിക്കൂറിനും എട്ട് മണിക്കൂറിനും ഇടയിൽ റദ്ദാക്കിയാൽ 50 ശതമാനം തുക പിഴയായി ഈടാക്കും.
- പുറപ്പെടാൻ എട്ട് മണിക്കൂറിൽ താഴെ മാത്രം ശേഷിക്കെ ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല.
അതുകൊണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും റദ്ദാക്കുമ്പോഴും ഈ നിബന്ധനകൾ പ്രത്യേകം ശ്രദ്ധിക്കണം.


