...
Home News Kerala നാമനിർദേശ സമർപ്പണം അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശം

നാമനിർദേശ സമർപ്പണം അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശം

പത്രിക സമർപ്പണത്തിനുള്ള സമയപരിധി നീട്ടുമെന്ന പ്രതീക്ഷ ചിലർക്കുണ്ടായിരുന്നുവെങ്കിലും ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല.

223

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം ഉയരുന്നതിനിടെ നാമനിർദേശ പത്രിക സമർപ്പണത്തിന് അവസാന തീയതി തിങ്കളാഴ്ചയോടെ എത്തുകയാണ്. ഇതോടെ സംസ്ഥാനത്തുടനീളം പ്രചാരണ പ്രവർത്തനങ്ങൾ ശക്തമായിരിക്കുകയാണ്. ചുരുങ്ങിയ പ്രവൃത്തി ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർഥികൾ പത്രിക നൽകാൻ എത്തുന്നതിനാൽ വരണാധികാരികളുടെ ഓഫീസുകളിൽ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.

പത്രിക സമർപ്പണത്തിനുള്ള സമയപരിധി നീട്ടുമെന്ന പ്രതീക്ഷ ചിലർക്കുണ്ടായിരുന്നുവെങ്കിലും ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. ഇതിനിടെ മുഖ്യമന്ത്രി ഇതിനകം തന്നെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റു മന്ത്രിമാരും നേതാക്കളും പത്രിക നൽകും.

ഇന്ന് മന്ത്രിമാരായ വി ശിവൻകുട്ടി, പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, റോഷി അഗസ്റ്റിൻ, കെഎൻ ബാലഗോപാൽ എന്നിവർ നാമനിർദേശ പത്രിക സമർപ്പിക്കും.

പ്രതിപക്ഷ നിരയിൽ നിന്ന് രമേശ് ചെന്നിത്തല, കെ മുരളീധരൻ, ശബരിനാഥൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖരും ഇന്ന് പത്രിക നൽകും. വി ഡി സതീശൻ തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കുമെന്നാണു വിവരം.

എൻഡിഎ നിരയിൽ നിന്ന് കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും ഇന്ന് പത്രിക സമർപ്പിക്കും. വട്ടിയൂർക്കാവിൽ എൻഡിഎ സ്ഥാനാർഥിയായ ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കപ്പെടുന്നു. അമ്പലപ്പുഴയിൽ സിപിഎം മുൻ നേതാവ് ജി സുധാകരൻ യുഡിഎഫ് സ്വതന്ത്രനായി ഇന്ന് പത്രിക സമർപ്പിക്കും. തുടർന്ന് തീരദേശ മേഖലകളിൽ വിപുലമായ റോഡ് ഷോയും സംഘടിപ്പിക്കും.

മറ്റു മണ്ഡലങ്ങളിലായി വി ടി സൂരജ്, കെ ദാസൻ, കെ ജയന്ത്, നവ്യ ഹരിദാസ് എന്നിവരും ഇന്ന് പത്രിക സമർപ്പിക്കും. നവ്യ ഹരിദാസിന്റെ റോഡ് ഷോയിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്നുള്ള നേതാവ് രേഖ ശർമ്മയും എത്തും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.