Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
കോഴിക്കോട് താമസിക്കുന്ന പാക് പൗരന്മാർക്ക് രാജ്യം വിടാൻ നോട്ടീസ് | Nalamidam
20 September 2026
Home News Kerala കോഴിക്കോട് താമസിക്കുന്ന പാക് പൗരന്മാർക്ക് രാജ്യം വിടാൻ നോട്ടീസ്

കോഴിക്കോട് താമസിക്കുന്ന പാക് പൗരന്മാർക്ക് രാജ്യം വിടാൻ നോട്ടീസ്

നോട്ടീസ് നല്‍കിയ മറ്റ് മൂന്ന് പേരുടെ പേര് വിവരങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല

284

പാക്കിസ്ഥാൻ പൗരൻമാരോട് ഇന്ത്യയിൽ നിന്നും വിടാൻ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് നോട്ടീസ് നൽകി. പഹൽഗാം ഭീകര ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രനിർദേശത്തെ തുടർന്നാണ് നടപടി. ലോങ്ങ്‌ ടേം വിസയുണ്ടായിരുന്ന കോഴിക്കോട് റൂറൽ പരിധിയിൽ നാല് പേർക്കാണ് നോട്ടീസ് നൽകിയത്.

2007 മുതൽ കേരളത്തിൽ സ്ഥിര താമസക്കാരനായ കൊയിലാണ്ടി സ്വദേശി ഹംസയ്ക്കും കൊയിലാണ്ടി എസ്.എച്.ഒ നോട്ടീസ് നൽകി. 1965ല്‍ പാക്കിസ്ഥാനിലേക്ക് വ്യാപാര സംബന്ധമായ ആവശ്യങ്ങള്‍ക്ക് പോയിരുന്നു. പിന്നീട് അവിടെ ജോലി ചെയ്‌തു. ബംഗ്ലാദേശ് വിഭജന സമയത്താണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്.

2007ല്‍ ലോങ് ടേം വിസയില്‍ ഇന്ത്യയിലെത്തി. കേരളത്തിലെത്തിയതിന് പിന്നാലെ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അപേക്ഷ ലഭിച്ചിരുന്നുവെന്ന മറുപടി മാത്രമാണ് ലഭിച്ചത്. മറ്റൊരു നടപടി അപേക്ഷയില്‍ ഉണ്ടായില്ലെന്ന് ഹംസ പറയുന്നു. നോട്ടീസ് നല്‍കിയ മറ്റ് മൂന്ന് പേരുടെ പേര് വിവരങ്ങള്‍ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

കേന്ദ്ര സര്‍ക്കാരിൻ്റെ നിര്‍ദേശം അനുസരിച്ച് രേഖകള്‍ സമര്‍പ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. മറ്റ് നടപടി ക്രമങ്ങള്‍ സര്‍ക്കാരിൻ്റെ നിര്‍ദേശം അനുസരിച്ച്‌ എടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഇന്ത്യയില്‍ കഴിയുന്ന പാക് പൗരന്മാര്‍ ഉടൻ ഇന്ത്യ വിടണമെന്നാണ്.

പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാക്കിസ്ഥാൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്.

മെഡിക്കൽ വിസയിലെത്തിയവർ 29നും വിനോദ സഞ്ചാര വിസയിലും മറ്റുമെത്തിയവർ 27-നുള്ളിൽ രാജ്യം വിടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്‌ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.