...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala മലയാളി വിദ്യാര്‍ഥി ആതിരയുമായി ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്‌യുഐ ശക്തമായ പ്രതിഷേധം

മലയാളി വിദ്യാര്‍ഥി ആതിരയുമായി ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്‌യുഐ ശക്തമായ പ്രതിഷേധം

നീതി ആവശ്യപ്പെട്ട് സ്റ്റേഷന് മുന്നിലെ നടുറോഡില്‍ കിടന്നുകൊണ്ടാണ് ആതിര നിലവില്‍ പ്രതിഷേധിക്കുന്നത്

3

തിരുവനന്തപുരം/ ഡൽഹി: പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ മലയാളി വിദ്യാര്‍ഥിനി ആതിരയ്ക്ക് നീതി ആവശ്യപ്പെട്ട് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്‌യുഐ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം. എന്‍എസ്‌യുഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാക്കറിനൊപ്പം പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തനിക്കേറ്റ മര്‍ദനത്തില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്ത ഡല്‍ഹി പൊലീസിന്റെ നടപടിയെ ആതിര കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. തുടര്‍ന്ന് പ്രതിഷേധിച്ച നിരവധി പ്രവര്‍ത്തകരെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു നീക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

സമരത്തിനിടെ സംഘര്‍ഷവും നാടകീയ രംഗങ്ങളും

സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. ഇതിനിടയില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇതിനിടെ, പൊലീസുകാരല്ലാത്ത ചില പുറത്തുനിന്നുള്ളവര്‍ സംഘടിച്ചെത്തി എന്‍എസ്‌യുഐ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സംഘത്തിലുള്ള ചിലര്‍ പൊലീസിനെയും മര്‍ദിച്ചു. എന്നാല്‍, പൊലീസിനെ മര്‍ദിച്ചവരില്‍ ആരും എന്‍എസ്‌യുഐ പ്രവര്‍ത്തകരല്ലെന്ന് സംഘടനാനേതാക്കള്‍ വ്യക്തമാക്കി. രാത്രി വൈകിയും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ വലിയ നാടകീയ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

സംഭവത്തിന്റെ പശ്ചാത്തലം?

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എന്‍എസ്‌യുഐ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് ആതിര ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പൊലീസില്‍ നിന്ന് മര്‍ദനമേറ്റത്. വിദ്യാര്‍ഥികളെ ഉപദ്രവിച്ച പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.

പൊലീസ് വാനിലും സ്റ്റേഷനിലും വെച്ച് ക്രൂരമായി മര്‍ദിച്ചെന്നും, വനിതാ പൊലീസുകാര്‍ റോഡിലൂടെ വലിച്ചിഴച്ചെന്നും, മര്‍ദനത്തില്‍ തന്റെ വലത് ചെവിയുടെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്നുമാണ് ആതിരയുടെ പരാതി. നീതി ആവശ്യപ്പെട്ട് സ്റ്റേഷന് മുന്നിലെ നടുറോഡില്‍ കിടന്നുകൊണ്ടാണ് ആതിര നിലവില്‍ പ്രതിഷേധിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.