കെയ്‌റോയുടെ വടക്കുഭാഗത്തുള്ള ഖല്യുബിയ പ്രവിശ്യയിലെ ടെൽ എൽ-യഹൂദിയ പുരാവസ്തു കേന്ദ്രത്തിൽ ന്യൂ കിംഗ്ഡം കാലഘട്ടത്തിന്റെ അവസാനഭാഗത്തേതെന്ന് കരുതുന്ന നിരവധി പാറയിൽ കൊത്തിയ ശവകുടീരങ്ങൾ കണ്ടെത്തി. ഈജിപ്ഷ്യൻ ടൂറിസം, പുരാവസ്തു മന്ത്രാലയമാണ് ശനിയാഴ്ച കണ്ടെത്തൽ പ്രഖ്യാപിച്ചത്.
ബിസി 1550 മുതൽ 1069 വരെയുള്ള കാലഘട്ടത്തിലെ ശവകുടീരങ്ങളാണ് കണ്ടെത്തിയതെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. കിഴക്കൻ നൈൽ ഡെൽറ്റയിലെ പുരാതന ശവസംസ്കാര രീതികളിലേക്കും അവയുടെ വികാസത്തിലേക്കും പുതിയ വെളിച്ചം വീശുന്നതാണ് കണ്ടെത്തലെന്ന് അധികൃതർ പറഞ്ഞു.
വ്യത്യസ്ത വാസ്തുവിദ്യാ രൂപകൽപ്പനകളാണ് ശവകുടീരങ്ങളിൽ കണ്ടെത്തിയത്. പ്രധാനമായും രണ്ട് തരത്തിലുള്ള ഘടനകളാണ് തിരിച്ചറിഞ്ഞത്. ആദ്യ വിഭാഗത്തിൽ ഗോവണിയിലൂടെ പ്രവേശിച്ച് ശവസംസ്കാര സ്ഥലങ്ങളുള്ള ഒരു ഹാളിലെത്തുന്ന രീതിയിലുള്ള ശവകുടീരങ്ങളാണ് ഉൾപ്പെടുന്നത്. രണ്ടാമത്തെ വിഭാഗത്തിൽ ചതുരാകൃതിയിലുള്ള ഒരു ഷാഫ്റ്റിൽ നിന്ന് രണ്ട് ശവസംസ്കാര അറകളിലേക്ക് പ്രവേശിക്കാവുന്ന രീതിയിലുള്ള ഘടനകളാണുള്ളത്.
നൈൽ ഡെൽറ്റയിൽ ഇത്തരം പാറയിൽ കൊത്തിയ ശവകുടീരങ്ങൾ അപൂർവമാണെന്ന് പുരാവസ്തു മന്ത്രാലയം വ്യക്തമാക്കി. പ്രദേശത്തെ കളിമണ്ണ് സമൃദ്ധമായ മണ്ണ് ഇത്തരം ശവസംസ്കാര ഘടനകൾ നിർമിക്കുന്നതിന് അനുയോജ്യമല്ലാത്തതാണ് ഇതിന് ഒരു പ്രധാന കാരണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വ്യത്യസ്ത ചരിത്ര കാലഘട്ടങ്ങളിലെ കിഴക്കൻ ഡെൽറ്റയിലെ ശവസംസ്കാര രീതികളും അവയുടെ പരിണാമവും മനസ്സിലാക്കാൻ പുതിയ കണ്ടെത്തൽ വിലപ്പെട്ട തെളിവുകൾ നൽകുന്നതായി ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസിന്റെ സെക്രട്ടറി ജനറൽ ഹിഷാം എൽ-ലീത്തി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ആഴ്ച കെയ്‌റോയ്ക്ക് പടിഞ്ഞാറുള്ള ഗിസ പ്രവിശ്യയിലെ സഖാറയ്ക്ക് വടക്കുള്ള മാരിയറ്റ് സെമിത്തേരിയിൽ 4,000 വർഷത്തിലേറെ പഴക്കമുള്ള അഞ്ചാം രാജവംശ കാലത്തെ ശവകുടീരം കണ്ടെത്തിയതായി ഈജിപ്ത് പ്രഖ്യാപിച്ചിരുന്നു.
ബിസി 2494 മുതൽ 2345 വരെയുള്ള അഞ്ചാം രാജവംശ കാലഘട്ടത്തിലെ രാജാവായ ജെഡ്കരെ ഇസെസിയുടെ ഭരണകാലത്തേതാണ് ഈ ശവകുടീരമെന്നാണ് കണ്ടെത്തൽ. സംയുക്ത ഈജിപ്ഷ്യൻ-സ്പാനിഷ് പുരാവസ്തു ദൗത്യമാണ് ശവകുടീരം കണ്ടെത്തിയത്.
ഇടത്തരം വലുപ്പത്തിലുള്ള മസ്തബയിൽ രണ്ട് ശവസംസ്കാര ചാപ്പലുകളാണുള്ളത്. ഇതിൽ ഒന്ന് യുൻമെന്ന മുതിർന്ന ഉദ്യോഗസ്ഥന്റേതാണ്. ജഡ്ജി, കോടതി ഡയറക്ടർ, ഹർജികളും പരാതികളും കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരുടെ തലവൻ തുടങ്ങിയ പദവികൾ യുൻം വഹിച്ചിരുന്നതായി പുരാവസ്തു അധികൃതർ വ്യക്തമാക്കി.
യുൻമിന്റെ ചാപ്പലിൽ നടത്തിയ ഖനനത്തിൽ അദ്ദേഹത്തെ ഔപചാരിക ഭാവത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു മുഖവും ശവകുടീര ഗ്രന്ഥങ്ങളും വഴിപാട് ഫോർമുലയും ഉൾക്കൊള്ളുന്ന ലിഖിതങ്ങളും കണ്ടെത്തി. കാർഷിക പ്രവർത്തനങ്ങളും ശവകുടീരത്തിലേക്ക് വഴിപാടുകൾ കൊണ്ടുപോകുന്ന ഘോഷയാത്രകളും ചിത്രീകരിക്കുന്ന ഉയർന്ന നിലവാരമുള്ള റിലീഫ് ശിൽപ്പങ്ങളും ചാപ്പലിന്റെ ചുവരുകളിൽ കണ്ടെത്തിയിട്ടുണ്ട്.
രണ്ടാമത്തെ ചാപ്പൽ യുൻമിന്റെ പിതാവായ ഇറ്റിയുടേതാണ്. കാർഷിക ഭൂമികളും വഴിപാടുകളും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എഴുത്തുകാരനായിരുന്നു ഇറ്റി. ചാപ്പലിൽ വ്യാജ വാതിലും വർണാഭമായ ചുമർ അലങ്കാരങ്ങളും കണ്ടെത്തിയെങ്കിലും പെയിന്റിന്റെ ഭൂരിഭാഗവും കാലക്രമേണ മങ്ങിപ്പോയിട്ടുണ്ട്.
അഞ്ചാം രാജവംശത്തിന്റെ അവസാനകാലത്തെ സഖാറ സെമിത്തേരിയെക്കുറിച്ചുള്ള പുതിയ പുരാവസ്തു വിവരങ്ങൾ നൽകുന്നതാണ് കണ്ടെത്തലെന്നും അക്കാലത്തെ ശവകുടീരങ്ങളുടെ വാസ്തുവിദ്യാ, കലാപരമായ സവിശേഷതകൾ മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും ഹിഷാം എൽ-ലീത്തി പറഞ്ഞു.


