...
Home News National മതപരിവർത്തനം ആരോപിച്ച് ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്ക് നേരെ പ്രകോപനം

മതപരിവർത്തനം ആരോപിച്ച് ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്ക് നേരെ പ്രകോപനം

കന്യാസ്ത്രീകളെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നു

199

കന്യാസ്ത്രീകള്‍ക്ക് നേരെ വീണ്ടും സംഘപരിവാര്‍ പ്രകോപനം. ജാര്‍ഖണ്ഡിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. ജംഷഡ്പുര്‍ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെയും പത്തൊമ്പത് കുട്ടികളെയും സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രകോപനം സൃഷ്‌ടിച്ചത്. മതപരിവര്‍ത്തനം ആരോപിച്ചാണ് വിഎച്ച്പിയും ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും പ്രകോപനമുണ്ടാക്കിയത്.

മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നു. ഇതോടെ പ്രകോപനവുമായി കൂടുതല്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്തി. ഇതോടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പൊലീസും വിഷയത്തില്‍ ഇടപെട്ടു.

കന്യാസ്ത്രീകളെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്‌തു. ജംഷഡ്പുര്‍ രൂപതയുടെ കീഴില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു.

നേരത്തേ ഛത്തീസ്ഗഡിലും ഒഡീഷയിലും മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ സംഘപരിവാര്‍ ആക്രമണം അരങ്ങേറിയിരുന്നു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കന്യാസ്ത്രീകള്‍ക്കൊപ്പം ഛത്തീസ്ഗഡ് സ്വദേശിയായ ആദിവാസി യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു പൊലീസിൻ്റെ നടപടി. റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളോട് ആക്രോശിക്കുകയും ആദിവാസി യുവാവിനെ കയ്യേറ്റം ചെയ്യുകയും ചെയ്‌ത ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം കര്‍ശന വ്യവസ്ഥകളോട് ആയിരുന്നു കന്യാസ്ത്രീകള്‍ക്കും ആദിവാസി യുവാവിനും ജാമ്യം ലഭിച്ചത്.

ഈ സംഭവത്തിന് ശേഷമായിരുന്നു ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികനും നേരെ സംഘപരിവാര്‍ ആക്രമണം. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് ആക്രമണത്തിന് ഇരയായത്. ഇവര്‍ക്കൊപ്പം രണ്ട് കന്യാസ്ത്രീകലും ഉണ്ടായിരുന്നു. എഴുപത് പേരടങ്ങുന്ന സംഘമായിരുന്നു ഇവരെ കയ്യേറ്റം ചെയ്‌തത്. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.