വനിതാ ജീവനക്കാർക്ക് ആര്‍ത്തവ ദിനത്തിൽ വേദനത്തോടെ ഒരു ദിവസത്തെ അവധിയെന്ന നയം അവതരിപ്പിച്ച് ഒഡീഷ സർക്കാർ. കട്ടക്കിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദയാണ് ഈ പ്രഖ്യാപനം നടത്തിയത്. സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മികച്ച പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന ഈ നയം ഉടനടി പ്രാബല്യത്തിൽ വരുമെന്നും അവർ വ്യക്തമാക്കി.
വനിതാ ജീവനക്കാർക്ക് അവരുടെ ആർത്തവചക്രത്തിൻ്റെ ആദ്യ ദിവസമോ രണ്ടാം ദിവസമോ അവധി എടുക്കാം. ഇത് ഇന്ത്യയിലെ ആർത്തവ അവധി നയങ്ങളിലെ മികച്ച മുന്നേറ്റമാകും. സ്ത്രീകളുടെ ആർത്തവ അവധിക്കുള്ള അവകാശവും ആർത്തവ ആരോഗ്യ ഉൽപ്പന്നങ്ങളിലേക്കുള്ള സൗജന്യ പ്രവേശനവും ബിൽ 2022, ആർത്തവസമയത്ത് സ്ത്രീകൾക്കും ട്രാൻസ്‌വുമൺകൾക്കും ശമ്പളത്തോട് കൂടിയ മൂന്ന് ദിവസത്തെ അവധി നിർദ്ദേശിക്കുന്നുണ്ടെങ്കിലും ബിൽ ഇതുവരെ നിയമമായിട്ടില്ല.
നിലവിൽ ഇന്ത്യയിൽ ബിഹാറും കേരളവും മാത്രമാണ് ആർത്തവ അവധി നടപ്പിലാക്കിയ സംസ്ഥാനങ്ങൾ. അടുത്തിടെ സുപ്രീംകോടതി സ്ത്രീ ജീവനക്കാർക്കുള്ള ആർത്തവ അവധി സംബന്ധിച്ച് ഒരു മാതൃകാ നയം വികസിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ വിഷയം ജുഡീഷ്യൽ ഇടപെടലിനേക്കാൾ നയരൂപീകരണത്തിൻ്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി.
1992ലാണ് ബീഹാർ ഓരോ മാസവും സ്ത്രീകൾക്ക് ആര്‍ത്തവ ദിനങ്ങളിൽ രണ്ട് ദിവസത്തെ ശമ്പളത്തോടെയുള്ള ആർത്തവ അവധി അനുവദിച്ചത്.
കേരളത്തിൽ 2023ൽ എല്ലാ സർവ്വകലാ ശാലകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും, 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് 60 ദിവസം വരെ പ്രസവാവധിയും അനുവധിച്ചു. കൂടാതെ ഇന്ത്യയിൽ സൊമാറ്റോ പോലുള്ള ചില സ്വകാര്യ കമ്പനികളും ആർത്തവ ദിനങ്ങളിൽ അവധിയെന്ന നയം സ്വീകരിച്ചിട്ടുണ്ട്. 2020 മുതൽ സൊമാറ്റോ പ്രതിവർഷം 10 ദിവസത്തെ പെയ്‌ഡ് പിരീഡ് ലീവ് വനിത ജീവനക്കാർക്ക് അനുവദിക്കുന്നു.
എന്നാൽ, ഇന്ത്യയിൽ നിലവിൽ ആർത്തവ അവധിയെ സംബന്ധിച്ച ഒരു ദേശീയ നിയമവുമില്ല. ആർത്തവ ആനുകൂല്യ ബിൽ, 2017, സ്ത്രീകളുടെ ലൈംഗിക, പ്രത്യുൽപാദന, ആർത്തവ അവകാശ ബിൽ, 2018 എന്നിവ പോലുള്ള അനുബന്ധ ബില്ലുകൾ പാസാക്കാനുള്ള മുൻ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. അതേസമയം, സ്ത്രീകൾക്ക് ആർത്തവാവധി അനുവദിച്ചുള്ള ഒഡീഷയുടെ മുന്നേറ്റം മികച്ചതായി അടയാളപ്പെടുത്തുന്നു.
യൂറോപ്പിലെ ആദ്യത്തെ ‘ആർത്തവ അവധി’ക്ക് സ്പെയിനിൽ നിയമം
സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയ മെഡിക്കൽ ലീവ് അനുവദിക്കുന്ന നിയമം സ്‌പെയിനിലെ പാർലമെൻ്റ് അംഗീകരിച്ചിരുന്നു. സ്പെയിൻ ഇത്തരമൊരു നിയമനിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി. ജപ്പാൻ, ഇന്തോനേഷ്യ, സാംബിയ തുടങ്ങിയ ലോകമെമ്പാടുമുള്ള വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ആർത്തവ അവധി നൽകുന്നത്. സ്‌പാനിനിഷ് ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സ് സൊസൈറ്റിയുടെ അഭിപ്രായത്തിൽ മൂന്നിലൊന്ന് സ്ത്രീകളും കടുത്ത ആർത്തവ വേദന അനുഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ.
മാഡ്രിഡ്, ഫെബ്രുവരി 16, 2023 കഠിനമായ ആർത്തവ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് ശമ്പളത്തോട് കൂടിയ മെഡിക്കൽ ലീവ് അനുവദിക്കുന്ന നിയമം185 വോട്ടുകൾക്ക് അനുകൂലമായി 154 വോട്ടുകൾക്ക് പാസാക്കി. ഈ വിഷയത്തിലെ വിലക്ക് തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പുതിയ നിയമമെന്ന് സ്പെയിനിലെ ഇടതുപക്ഷ സർക്കാർ പറഞ്ഞിരുന്നു.



