...
Home News National ഹൈദരാബാദിൽ ലണ്ടൻ, നോർത്ത് ഈസ്റ്റേൺ സർവകലാശാലകളുടെ ഓഫ്‌ഷോർ ക്യാമ്പസ് വരുന്നു

ഹൈദരാബാദിൽ ലണ്ടൻ, നോർത്ത് ഈസ്റ്റേൺ സർവകലാശാലകളുടെ ഓഫ്‌ഷോർ ക്യാമ്പസ് വരുന്നു

ഹാർവാർഡ് സർവകലാശാലയും അതിന്റെ ചില സ്‌കൂളുകളും തെലങ്കാനയിൽ തിരഞ്ഞെടുത്ത അക്കാദമിക് പ്രോഗ്രാമുകളും കോഴ്‌സുകളും ആരംഭിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും രേവന്ത് റെഡ്ഡി അറിയിച്ചു.

3

ഹൈദരാബാദിൽ ഓഫ്‌ഷോർ ക്യാമ്പസുകൾ സ്ഥാപിക്കാൻ യുകെയിലെ ലണ്ടൻ സർവകലാശാലയും ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയും ഒരുങ്ങുന്നതായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ഹൈദരാബാദിനെ ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ദർശനത്തിലെ നിർണായക ചുവടുവയ്പ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹാർവാർഡ് സർവകലാശാലയും അതിന്റെ ചില സ്‌കൂളുകളും തെലങ്കാനയിൽ തിരഞ്ഞെടുത്ത അക്കാദമിക് പ്രോഗ്രാമുകളും കോഴ്‌സുകളും ആരംഭിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും രേവന്ത് റെഡ്ഡി അറിയിച്ചു. വിദ്യാഭ്യാസ കോഴ്‌സുകൾ, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, സംയുക്ത ഗവേഷണം, മികവിന്റെ കേന്ദ്രങ്ങൾ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾക്കായുള്ള പ്രത്യേക പരിശീലന പരിപാടികൾ എന്നിവയിലൂടെ ഹൈദരാബാദിനെ ആഗോള വിദ്യാഭ്യാസ ശക്തികേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഹൈദരാബാദിൽ ഒരു ആഗോള വിജ്ഞാന കേന്ദ്രം സൃഷ്ടിക്കുകയെന്ന ഞങ്ങളുടെ ദർശനത്തിന് ലോകത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന പിന്തുണയിൽ തെലങ്കാനയിലെ ജനങ്ങളുമായും പ്രത്യേകിച്ച് യുവാക്കളുമായും അഭിമാനവും സന്തോഷവും പങ്കിടുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

യുവാക്കളുടെ കഴിവുകൾ, കായികം, വിദ്യാഭ്യാസം എന്നിവയ്ക്ക് സംസ്ഥാന സർക്കാർ പ്രത്യേക പ്രാധാന്യം നൽകുമെന്നും ആഗോള തലത്തിലെ വെല്ലുവിളികൾ നേരിടാൻ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം നടത്തിയ യുകെ സന്ദർശനത്തിനിടെ ഓക്സ്ഫോർഡ് സർവകലാശാല, കേംബ്രിഡ്ജ് സർവകലാശാല, എസ്‌ഒഎഎഎസ്, ഇംപീരിയൽ കോളേജ്, ലണ്ടൻ ബിസിനസ് സ്‌കൂൾ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകളുമായും ഐവി ലീഗ് സ്ഥാപനങ്ങളുമായും നടത്തിയ ചർച്ചകളും അനുകൂലമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിൽ ഇത്തരം ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങളുടെ സാന്നിധ്യം സംസ്ഥാനത്തെ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങൾ തുറന്നുനൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎസ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 24ന് രേവന്ത് റെഡ്ഡി യുകെയിൽനിന്ന് മടങ്ങിയിരുന്നു. എന്നാൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രതിനിധി സംഘം യുഎസ് സന്ദർശനം തുടരുകയായിരുന്നു.

മികച്ച സർവകലാശാലകളുമായും കായിക അക്കാദമികളുമായും സഹകരണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുമാണ് യുകെയും യുഎസും സന്ദർശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡിസംബർ 7, 8, 9 തീയതികളിൽ ഹൈദരാബാദിൽ നടക്കുന്ന ഇൻവെസ്റ്റ് തെലങ്കാന ഉച്ചകോടിയിലേക്ക് ആഗോള നിക്ഷേപകരെ ക്ഷണിക്കുന്നതും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.