...
Home News International എണ്ണവില 100 ഡോളറിന് മുകളിലെത്താന്‍ സാധ്യത; ഹോര്‍മുസ് കടലിടുക്കില്‍ അശാന്തി

എണ്ണവില 100 ഡോളറിന് മുകളിലെത്താന്‍ സാധ്യത; ഹോര്‍മുസ് കടലിടുക്കില്‍ അശാന്തി

അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം ഏറെക്കുറെ നിലച്ചിരിക്കുകയാണ്

227

മിഡില്‍ ഈസ്റ്റിലെ യുദ്ധം രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. തിങ്കളാഴ്‌ച രാവിലെ ക്രൂഡ് വില 7% ത്തിലധികം ഉയര്‍ന്ന് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറാന്‍- യുഎസ്, ഇസ്രായേല്‍ സൈനിക ആക്രമണങ്ങളെ തുടര്‍ന്ന്, ഹോര്‍മുസ് കടലിടുക്ക് വഴി കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് ക്രൂഡ് വില കുതിച്ചുയര്‍ന്നത്.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വില 82.37 ഡോളറായി ഉയര്‍ന്നു. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 7.60% ഉയര്‍ന്ന് 78.41 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇൻ്റെര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് അഥവാ wti 7.19% ഉയര്‍ന്ന് 71.86 ഡോളറിലെത്തി.

യുഎസും ഇസ്രായേലും തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ഗള്‍ഫിലുടനീളം ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ടിലധികം കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. മാത്രമല്ല, കപ്പലുകളോട് ഈ കടലിടുക്കിലൂടെ കടന്നു പോകരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏകദേശം 20% എണ്ണയും വാതകവും കടന്നുപോകുന്ന പ്രധാന മാര്‍ഗമാണ് ഹോര്‍മുസ് കടലിടുക്ക്.

ഈ കടലിടുക്കിൻ്റെ പ്രവേശന ഭാഗത്ത് തന്നെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം ഏറെക്കുറെ നിലച്ചിരിക്കുകയാണ്. സംഘര്‍ഷം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ എണ്ണ വിലകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഹോര്‍മുസ് വഴി കപ്പല്‍ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയെന്ന സൂചനകള്‍ പുറത്തു വരുന്നതുവരെ എണ്ണ വിപണി അസ്ഥിരമായി തുടരുമെന്നാണ് കരുതപ്പെടുന്നത്.

ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമുണ്ടായാല്‍ മാത്രമേ എണ്ണവില കുറയാന്‍ ഇടയുള്ളൂ. എന്നാല്‍, സംഘര്‍ഷം ദീര്‍ഘകാലം തുടരുകയാണെങ്കില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഒപെക് പ്ലസ് എന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ വിലവര്‍ധന കുറക്കാന്‍ ദിവസേന 206,000 ബാരല്‍ അധികമായി ഉല്‍പാദനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടുന്ന രാജ്യങ്ങളാണ് തീരുമാനത്തിൽ എത്തിയത്. എന്നാല്‍ ഇത് വലിയ മാറ്റമുണ്ടാക്കില്ല എന്നാണ് ചില വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. എണ്ണ വില, പ്രധാനമായും സംഘര്‍ഷം എത്ര നാള്‍ നീണ്ടുനില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ഏഷ്യന്‍ സര്‍ക്കാരുകളും എണ്ണ ശുദ്ധീകരണ കമ്പനികളും എണ്ണ ശേഖരം വിലയിരുത്താന്‍ ആരംഭിച്ചിട്ടുണ്ട്.

സമുദ്ര സുരക്ഷാ വിഭാഗമായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷന്‍സ്, കപ്പലുകളെല്ലാം ഉയര്‍ന്ന ജാഗ്രതയോടെ സഞ്ചരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, അറേബ്യന്‍ ഗള്‍ഫിലും ഗള്‍ഫ് ഓഫ് ഒമാനിലും നിരവധി സുരക്ഷാ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതായും ഈ കമ്പനി അറിയിച്ചു.

ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ലോകത്ത് വലിയ സുരക്ഷാ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളും വിഷയത്തില്‍ ഇടപെട്ടാല്‍ സ്ഥിതി വളരെ ദൈര്‍ഘ്യമേറിയ സംഘര്‍ഷത്തില്‍ കലാശിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.