ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു എണ്ണക്കപ്പൽ നാവിക മൈനിൽ ഇടിച്ച് സ്ഫോടനമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ അധികൃതർ നിർദേശിച്ച കടൽപാതയിൽ നിന്ന് കപ്പൽ വ്യതിചലിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ അധികൃതരുമായി ആവശ്യമായ ഏകോപനം നടത്താതെയാണ് കപ്പൽ സഞ്ചരിച്ചതെന്നും, ഇറാൻ സായുധസേന നിർദേശിച്ച സുരക്ഷിത പാത ഉപേക്ഷിച്ചതിനെ തുടർന്നാണ് നാവിക മൈനിൽ ഇടിച്ച് സ്ഫോടനമുണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഇറാൻ അധികൃതരുമായി പൂർണമായും ഏകോപനം പാലിക്കണമെന്നും അവർ നിർദേശിക്കുന്ന കടൽപാതകൾ മാത്രം ഉപയോഗിക്കണമെന്നും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
തെഹ്റാൻ അംഗീകരിച്ച പാത വിട്ട ശേഷമാണ് കപ്പൽ മൈനിൽ ഇടിച്ചതെന്ന് തസ്നിം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇറാൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സ്ഫോടനത്തിന്റെ സാഹചര്യങ്ങളെയും നാശനഷ്ടങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, അമേരിക്കൻ ആക്രമണത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണം വേഗത്തിലാക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നിർദേശം നൽകിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. റെയിൽപാതകൾ, അന്തർദേശീയ ഗതാഗത ഇടനാഴികൾ എന്നിവ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണം അതിവേഗം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. അയൽരാജ്യങ്ങളുമായുള്ള റെയിൽ ബന്ധം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം രാജ്യത്തിന്റെ തന്ത്രപ്രധാന പദ്ധതികളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാൻ നയത്തിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും വ്യത്യസ്ത നിലപാടുകളിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാനെതിരായ സൈനിക നടപടികൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള സാധ്യത ട്രംപ് പരിഗണിക്കുന്നതിനിടെയാണ് ഇരുവരും ആശങ്ക പ്രകടിപ്പിച്ചതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ഇരുവരും മുന്നറിയിപ്പ് നൽകിയതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
13 ദിവസത്തെ തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ വെള്ളിയാഴ്ച രാത്രി മുതൽ അമേരിക്ക ഇറാനെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണം പരിഗണിക്കുന്നതായി ട്രംപ് നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നെങ്കിലും, നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകുന്നതിനായി പ്രതിനിധികൾക്ക് രഹസ്യ നിർദേശവും നൽകിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


