കേരളത്തിന് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി. സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാത്തൂറിനെയാണ് കേരളത്തിന്റെ പുതിയ ഗവർണറായി നിയമിച്ചത്. നിലവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്‌നാട് ഗവർണറായി മാറ്റി നിയമിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ പുനർനിയമിച്ചുകൊണ്ടുള്ള ഉത്തരവിലാണ് പുതിയ നിയമനങ്ങൾ.
സുധ യാദവിനെ കർണാടക ഗവർണറായും ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായും നിയമിച്ചു. ബ്രിജ് മോഹൻ റാമാണ് ഒഡീഷയുടെ പുതിയ ഗവർണർ. ഡോ. ധൽ സിംഗ് ബിസെനെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു.
ആരാണ് ഓം പ്രകാശ് മാത്തൂർ?
രാജസ്ഥാനിൽ നിന്നുള്ള മുൻ രാജ്യസഭാംഗവും മുതിർന്ന ആർഎസ്എസ് നേതാവുമാണ് ഓം പ്രകാശ് മാത്തൂർ. 2024 ജൂലൈ മുതൽ സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
1972ൽ ആർഎസ്എസ് പ്രചാരകനായാണ് മാത്തൂർ പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങളിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ദീർഘകാലത്തെ സംഘടനാ പരിചയവും രാഷ്ട്രീയ പ്രവർത്തനങ്ങളിലെ അനുഭവസമ്പത്തുമുള്ള നേതാവാണ് ഓം പ്രകാശ് മാത്തൂർ.
കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേൽക്കുന്നതോടെ സംസ്ഥാനത്തെ ഭരണഘടനാ പദവിയിൽ പുതിയ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്.


