...
Home News Kerala മൂന്നാം നാൾ ഓണാഘോഷം; ചോതി ദിനത്തിലെ പൂക്കളത്തിന് ചില പ്രത്യേകതകളുണ്ട്

മൂന്നാം നാൾ ഓണാഘോഷം; ചോതി ദിനത്തിലെ പൂക്കളത്തിന് ചില പ്രത്യേകതകളുണ്ട്

ചോതിനാൾ മുതൽ പൂക്കളത്തിലെ വർണ്ണങ്ങൾ കൂടി വരുവാൻ ആരംഭിക്കും

327

ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരു ഓണക്കാലം കൂടി എത്തിയിരിക്കുകയാണ്. പൂക്കളം തീർക്കുന്നതിൻ്റെയും സദ്യവട്ടങ്ങൾ ഒരുക്കുന്നതിൻ്റെയും തിരക്കിലാണ് മലയാളികൾ. ഓണത്തിൻ്റെ മൂന്നാം നാളായ ഞായറാഴ്‌ച ചോതി ദിനമാണ്. കാലം മാറുന്നതിനനുസരിച്ച് ഓണത്തിന് ചില മാറ്റങ്ങൾ വന്നെങ്കിലും ആഘോഷങ്ങളുടെ സ്ഥായിയായ മുഖം ഒന്നു തന്നെ. അതിൽ പ്രധാനമാണ് പൂക്കളം ഒരുക്കുന്നത്. പത്ത് ദിവസത്തെ ആഘോഷമാണ് ഓണം.

അതിലെ പൂക്കളങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ആദ്യദിനമായ അത്തത്തിന് ഒരു വരിയാണ് പൂക്കളം ഇട്ടതെങ്കിൽ രണ്ടാം ദിവസത്തിൽ അത് രണ്ടു വരിയാകും. മൂന്നാം ദിനമായ ചോതി ദിനത്തിൽ മൂന്നു നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിക്കുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിനെ പൂക്കളത്തിൽ സ്ഥാനം നൽകൂ. അതായത് ചോതിനാൾ മുതൽ പൂക്കളത്തിലെ വർണ്ണങ്ങൾ കൂടി വരുവാൻ ആരംഭിക്കും.

ആദ്യ രണ്ടു ദിവസങ്ങളിൽ തുമ്പപ്പൂവും തുളസിയും ആണ് പൂക്കളത്തിലെ പ്രധാനികൾ. അതിനൊപ്പം മന്ദാരവും ഇടം പിടിക്കാറുണ്ട്. മൂന്നാം നാൾ മുതൽ ചുവന്ന നിറത്തിലുള്ള ചെമ്പരത്തി പൂവും പ്രധാനിയായി മാറും. ഐതിഹ്യവും വിശ്വാസവും അനുസരിച്ച് നിലവിളക്ക് കൊളുത്തി ഗണപതിക്ക് വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടുക.

ചോതി നാൾ തൊട്ട് ഗൃഹനാഥൻ്റെ കയ്യിലെ പണം കുറഞ്ഞു വരുമെന്നും പഴമക്കാർ പറയാറുണ്ട്. കാരണം പുതിയ വസ്ത്രങ്ങൾ എടുക്കുവാനും ആഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങിക്കുവാനും ചോതി നാളാണ് തിരഞ്ഞെടുക്കുന്നത്. ചോതി ദിനത്തിൽ തന്നെയാണ് ഓണത്തിനായുള്ള പലഹാരങ്ങൾ തയ്യാറാക്കാൻ ആരംഭിക്കുന്നതും. ഈ ദിനത്തിൽ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനകളും പൂജകളും മറ്റും നടത്താറുണ്ട്.

Photo Courtesy: Mathrubumi English

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.