ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മൂന്നാം മോദി സര്‍ക്കാരിൻ്റെ കാലത്തുതന്നെ നടപ്പാക്കുമെന്ന് വിവിധ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സെന്‍സസ് നടപടികള്‍ വൈകാതെ തന്നെ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍തന്നെ ജമ്മുകശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിച്ച് നല്‍കുമെന്നും പറയുന്നു. ഒരു രാജ്യം, ഒരു തെരഞ്ഞടുപ്പ് യാഥാര്‍ത്ഥ്യമാകുമെന്നും മോദി സര്‍ക്കാരിൻ്റെ ഈ ഭരണകാലത്തുതന്നെ ഇത് നടപ്പാക്കുമെന്നും അവർ അറിയിച്ചു.
കഴിഞ്ഞമാസം നടത്തിയ തൻ്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിൻ്റെ പുരോഗതിയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്’ വേണ്ടി രാജ്യം മുന്നോട്ട് വരണമെന്ന് ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് നൂറ് ദിവസങ്ങള്‍ പിന്നിട്ടിരിക്കേ ഭരണ സഖ്യത്തിനുള്ളിലെ കെട്ടുറപ്പ് ഭരണകാലം മുഴുവന്‍ നിലനിൽക്കുമെന്ന് സ്രോതസ്സുകള്‍ അറിയിച്ചു. രാജ്യത്തിൻ്റെ വിഭവങ്ങള്‍ സാധാരണക്കാര്‍ക്കായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടിരുന്നു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ബിജെപി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നും അതിൻ്റെ ആദ്യപടിയായി 100 ദിവസത്തിനുള്ളില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഈ വര്‍ഷം മാര്‍ച്ചില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ എപ്പോള്‍ മുതല്‍ ഇത് നടപ്പാക്കണമെന്ന കാര്യം സമിതി വ്യക്തമാക്കിയിട്ടില്ല.
സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ ഒരു ‘ഇംപ്ലിമെൻ്റെഷന്‍ സംഘ’ത്തിന് രൂപം നല്‍കാനും നിര്‍ദേശിച്ചിരുന്നു. 18 ഭരണഘടനാ ഭേദഗതികളാണ് സമിതി ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. അവയില്‍ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ല. എന്നാല്‍, പാര്‍ലമെണ്ട് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ഇതിന് ആവശ്യമാണ്.
2029 മുതല്‍ ലോക്‌സഭാ, നിയമസഭാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്താനും തൂക്കുസഭ അല്ലെങ്കില്‍ അവിശ്വാസപ്രമേയം പോലുള്ള സാഹചര്യങ്ങളിൽ ഏകീകൃത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വ്യവസ്ഥയും നിയമകമ്മീഷന്‍ ശുപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.



