...
Home News National ‘സ്വതന്ത്ര ഇന്ത്യയിൽ സ്വാധീനമുള്ള മൂന്ന് നേതാക്കളിൽ ഒരാൾ’; വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂർ

‘സ്വതന്ത്ര ഇന്ത്യയിൽ സ്വാധീനമുള്ള മൂന്ന് നേതാക്കളിൽ ഒരാൾ’; വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂർ

മോദിയുടെ ഭരണകാലത്ത് വിവിധ മേഖലകളിൽ രാജ്യം അമ്പരപ്പിക്കുന്ന പുരോഗതി കൈവരിച്ചതായി തരൂർ ലേഖനത്തിൽ വ്യക്തമാക്കുന്നു

5

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മൂന്ന് പ്രധാന നേതാക്കളിൽ ഒരാളാണ് നരേന്ദ്ര മോദിയെന്ന് തരൂർ അഭിപ്രായപ്പെട്ടു. ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തരൂരിൻ്റെ ഈ പരാമർശങ്ങൾ ഉള്ളത്.

ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവർക്കൊപ്പം മൂന്നാമത്തെ ആളായിട്ടാണ് ശശി തരൂർ നരേന്ദ്ര മോദിയെ അടയാളപ്പെടുത്തുന്നത്. രാജീവ് ഗാന്ധി, മൻമോഹൻ സിംഗ് തുടങ്ങിയ മുൻ പ്രധാനമന്ത്രിമാരെ ഈ ഗണത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടില്ല. മോദിയുടെ ഭരണകാലത്ത് വിവിധ മേഖലകളിൽ രാജ്യം അമ്പരപ്പിക്കുന്ന പുരോഗതി കൈവരിച്ചതായി തരൂർ ലേഖനത്തിൽ വ്യക്തമാക്കുന്നു. രാജ്യത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ സൃഷ്‌ടിക്കുന്നതിൽ മോദി വിജയിച്ചതാണ് ഏറ്റവും വലിയ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഡിജിറ്റൽ സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്താൻ മോദിക്ക് കഴിഞ്ഞുവെന്നും തരൂർ നിരീക്ഷിക്കുന്നു. മൻമോഹൻ സിംഗിൻ്റെ പാത പിന്തുടർന്നു കൊണ്ട് തന്നെ, പരമ്പരാഗത ബാങ്കിംഗ് മേഖലയുടെ ഘടന പൊളിച്ചെഴുതി പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നതിൽ മോദി വിജയിച്ചുവെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി അംഗമായിരിക്കെ തരൂർ മോദിയെ പുകഴ്ത്തുന്നത് ഇതാദ്യമല്ല. ഇതിനുമുമ്പും അദ്ദേഹം മോദിയുടെ പ്രവർത്തനങ്ങളെ അനുകൂലിച്ചിട്ടുണ്ട്. എന്നാൽ, ജവഹർലാൽ നെഹ്‌റുവിനെ മോദിയോട് ഉപമിക്കുന്ന തരൂരിൻ്റെ നിലപാടിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ ഇതുവരെ മൗനം പാലിക്കുകയാണ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൻ്റെ മലയാള പരിഭാഷയാണ് ഇപ്പോൾ ലേഖനമായി പുറത്തു വന്നിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.