...
Home News National മഹാരാഷ്ട്രയില്‍ ബിജെപി മുന്നണിയെ കരയിപ്പിക്കാന്‍ പോകുന്നത് ഉള്ളി

മഹാരാഷ്ട്രയില്‍ ബിജെപി മുന്നണിയെ കരയിപ്പിക്കാന്‍ പോകുന്നത് ഉള്ളി

ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ വാര്‍ഷിക ഉള്ളി ഉത്പാദനം ഏതാണ്ട് 240 ലക്ഷം ടണ്ണോളം വരും.

229

| കെ സഹദേവൻ

രാജ്യം അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ മഹാരാഷ്ട്രയിലെ 20ഓളം മണ്ഡലങ്ങള്‍ ബിജെപി മുന്നണിക്ക് പ്രത്യക്ഷത്തില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ഏപ്രിൽ അവസാനവാരം മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം വിവിധ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയായ മഹാരാഷ്ട്രയില്‍ 48 മണ്ഡലങ്ങളാണുള്ളത്.

2019ല്‍ 41 സീറ്റുകളില്‍ വിജയം ഉറപ്പിച്ച എന്‍ഡിഎയ്ക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. നാലും അഞ്ചും ഘട്ടങ്ങളില്‍ (മെയ് 13, 20) തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന 20 മണ്ഡലങ്ങള്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എന്‍ഡിഎ മുന്നണിയെ എത്രമാത്രം പിന്തുണയ്ക്കും എന്നത് കാത്തുനിന്ന് കാണേണ്ട സംഗതിയാണ്.

ബിജെപിയെ ഈ രീതിയില്‍ ആശങ്കയില്‍ നിര്‍ത്തുന്ന ഘടകം ഉള്ളിയാണ്. മഹാരാഷ്ട്രയിലെ നാല്പത്തിയെട്ട് മണ്ഡലങ്ങളില്‍ ഇരുപത് എണ്ണവും ഉള്ളിക്കൃഷിക്ക് മുന്‍തൂക്കമുള്ള ജില്ലകളാണെന്നതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉള്ളി കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ് എന്നതും അവരുടെ അസ്വസ്ഥത തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിക്കാനുള്ള സാധ്യത ഏറെയാണെന്നതും ആണ് ബിജെപിയെയും ദേശീയ മുന്നണിയെയും ആശങ്കയിലാഴ്ത്തുന്നത്.

ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ വാര്‍ഷിക ഉള്ളി ഉത്പാദനം ഏതാണ്ട് 240 ലക്ഷം ടണ്ണോളം വരും. ഉള്ളി കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉള്ളി ഉത്പാദനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്ര കര്‍ഷകരെ വലിയ തോതില്‍ ബാധിക്കുകയുണ്ടായി. കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെ കര്‍ഷകരുടെ ഉത്പന്നത്തിന് ഗാര്‍ഹിക വിപണിയില്‍ വില ഇടിയുന്ന സാഹചര്യമുണ്ടായപ്പോള്‍ കര്‍ഷകരില്‍ നിന്ന് വിളകള്‍ വാങ്ങി സംഭരിക്കാനുള്ള യാതൊരു നടപടിയും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുകയുണ്ടായില്ല.

കയറ്റുമതി നിരോധനത്തിനെതിരെ കര്‍ഷക പ്രതിഷേധം ശക്തമായതോടെ, മെയ് ആദ്യവാരത്തില്‍ നിരോധന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചുവെങ്കിലും ഇക്കാലയളവില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം ഭീമമാണ്. ഈ നഷ്ടത്തിനുള്ള മറുപടി വോട്ടിലൂടെ ദേശീയ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ തയ്യാറായി നില്‍ക്കുകയാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.