...
Home News Kerala ഓൺലൈൻ ട്രേഡിങ്; ഹൈക്കോടതി മുൻ ജഡ്‌ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയ മൂന്നുപേർ പിടിയിൽ

ഓൺലൈൻ ട്രേഡിങ്; ഹൈക്കോടതി മുൻ ജഡ്‌ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയ മൂന്നുപേർ പിടിയിൽ

കേസിൽ ഇനി ആറ് പേരെക്കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ്

281

ഹൈക്കോടതി മുൻ ജഡ്‌ജിയിൽ നിന്ന് ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ 90 ലക്ഷം രൂപ തട്ടിയ മൂന്നുപേർ എറണാകുളത്ത് പിടിയിൽ. കണ്ണൂർ പെരിങ്ങത്തൂർ വലിയപറമ്പത്ത് മുഹമ്മദ് ഷാ (33), കോഴിക്കോട് ഇടച്ചേരി സ്വദേശികളായ ചെറിയ വട്ടക്കണ്ടിയിൽ എൻ.മിർഷാദ് (32), തെങ്ങുള്ളത്തിൽ മുഹമ്മദ് ഷെർജിൽ (22) എന്നിവരെയാണ് എറണാകുളം സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയത്.

ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് എം.ശശിധരൻ നമ്പ്യാരാണ് തട്ടിപ്പിനിരയായത്. കേസിൽ ഇനി ആറ് പേരെക്കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്‌താണ് ജഡ്‌ജിയെ ഇവർ തട്ടിപ്പിന് ഇരയാക്കിയത്. ഡിസംബർ നാല്‌ മുതൽ 30 വരെ ജഡ്‌ജിയുടെ വിവിധ അക്കൗണ്ടൽ നിന്ന് ഇവർ പണം കൈപ്പറ്റിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹിൽ പാലസ് പോലീസിലാണ് പരാതി നൽകിയത്. തുടർന്ന് സിറ്റി സൈബർ സെല്ലിന് കേസ് കൈമാറുകയായിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ തട്ടിയെടുത്ത പണം എത്തിയത് തലശേരിയിലുള്ള ഒരു ബാങ്ക് അക്കൌണ്ടിലാണെന്ന് പൊലീസ് കണ്ടെത്തി. അക്കൗണ്ടെടുക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് കോഴിക്കോട് പാറക്കടവ് ഭാഗത്താണ്. തുടർന്ന് പൊലീസ് ഇവിടെയെത്തി രണ്ട് പ്രതികളെയും ഇവരിലൂടെ മൂന്നാമനെയും പിടികൂടുകയായിരുന്നു.

ആദിത്യ ബിർള ഇക്വിറ്റി ലേണിങ് എന്ന വാട്‍സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയാണ് ജഡ്‌ജിയിൽ നിന്ന് പണം തട്ടിയത്. തട്ടിയെടുത്ത 90 ലക്ഷം രൂപയിൽ 30 ലക്ഷം പിടിയിലായ പ്രതികളുടെ ബാങ്ക് അക്കൌണ്ടിൽ എത്തിയെന്നും ഇത് പിന്നീട് പ്രതികൾ പിൻവലിച്ചതായും പൊലീസ് കണ്ടെത്തി. തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൺസിയായും ഡോളർ കൺവെർഷനിലൂടെയും വിദേശ നിക്ഷേപമാക്കുകയാണ് പ്രതികൾ ചെയ്‌തത്.

രാജ്യത്തെ 280 ബാങ്ക് അക്കൗണ്ടുകൾ വഴി 311 ഇടപാടുകൾ ഈ കേസുമായി ബന്ധപ്പെട്ട് നടന്നതായി പൊലീസ് കണ്ടെത്തി. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത്‌ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. പ്രതികൾ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കമ്പോഡിയ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസിന് വ്യക്തമായി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.