...
Home News Kerala ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’; കേരളത്തിൽ രണ്ടാഴ്‌ചയിൽ 2.37 കോടിയുടെ മയക്കുമരുന്നുകൾ പിടികൂടി

‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’; കേരളത്തിൽ രണ്ടാഴ്‌ചയിൽ 2.37 കോടിയുടെ മയക്കുമരുന്നുകൾ പിടികൂടി

സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം കൂടുതൽ ശക്തമാക്കും

275

മയക്ക് മരുന്നിനെതിരെ എക്സൈസ് സേന നടപ്പിലാക്കിയ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ (Operation Clean Slate) കേരളത്തിൽ രണ്ടാഴ്‌ചയിൽ പിടിയിലായത് 873 പേർ. ആകെ 874 കേസുകളെടുത്തു. 901 പേരെ കേസിൽ പ്രതി ചേർത്തു. മാർച്ച് അഞ്ചു മുതൽ 19 വരെയുള്ള ദിവസത്തെ കണക്കുകളാണിത്.

എക്സൈസ് മാത്രം നടത്തിയത് 6506 റെയ്‌ഡുകളാണ്. മറ്റ് സേനകളുമായി ചേർന്ന് 177 പരിശോധനകളും നടത്തി. 60,240 വാഹനങ്ങൾ പരിശോധിക്കുകയും മയക്കുമരുന്ന് കടത്തുകയായിരുന്ന 46 വാഹനങ്ങൾ പിടിക്കുകയും ചെയ്‌തു. ഒളിവിലിരുന്ന 49 പ്രതികളെയും പിടികൂടിയിട്ടുണ്ട്.

2.37 കോടിയുടെ ലഹരി വസ്‌തുക്കളാണ് പിടിച്ചത്. 123.88 ഗ്രാം എംഡിഎംഎ, 40.5 ഗ്രാം മെത്താഫിറ്റമിൻ, 12.82 ഗ്രാം നെട്രോസെഫാം ഗുളികകൾ, 14.5 ഗ്രാം ബ്രൌൺ ഷുഗർ, 60.8 ഗ്രാം ഹെറോയിൻ, 31.7 ഗ്രാം ഹാഷിഷ് ഓയിൽ, 179.35 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലർത്തിയ ചോക്കളേറ്റ് എന്നിവ പിടികൂടി. സ്‌കൂൾ പരിസരത്ത് 1763, ബസ് സ്റ്റാൻഡ് പരിസരത്ത് 542, റെയിൽവേ സ്റ്റേഷൻ പരിസരത്ത് 179, ലേബർ ക്യാമ്പുകളിൽ 328 പരിശോധനകളുമാണ് എക്സൈസ് നടത്തിയത്.

മയക്കുമരുന്ന് വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധം സാധ്യമാക്കിയ എക്സൈസ് സേനയെ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്റെറികാര്യ വകുപ്പ് മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു.

മയക്കുമരുന്നിൻ്റെ വഴി തേടി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ പോയി പ്രതികളെ പിടികൂടാൻ എക്സൈസിന് കഴിഞ്ഞു. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം വരുന്ന ആഴ്‌ചകളിൽ കൂടുതൽ ശക്തമാക്കും. അതിർത്തിയിൽ കർശന ജാഗ്രത തുടരാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.