| സയിദ് അബി
പ്രതിപക്ഷനേതാവിനെ സഭ കൂടും മുമ്പ് കക്ഷിഅംഗങ്ങളുടെ നിർദേശത്തിൽ തെരെഞ്ഞെടുത്ത് സ്‌പീക്കർക്ക് നൽകിയാൽ മതി.അതൊരു ലളിതമായ പരിപാടിയാണ്.അതിന്റെ മുമ്പ് മുന്നണിയോ പാർട്ടിയോ യോഗം കൂടി തീരുമാനിച്ചാലും മതി.എൽഡിഎഫിൽ നേരത്തെ പ്രതിപക്ഷ നേതാവെത്തി. അതിന്റെ പിന്നിലൊരു രാഷ്ട്രീയസൂത്രം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കരുതുന്നു.
പിണറായി വിജയനിൽ നിന്ന് തത്കാലം തീരുമാനങ്ങൾ എടുക്കുന്ന അധികാരഘടന മാറ്റാൻ മുതിർന്ന പിബികൾ ആഗ്രഹിക്കുന്നില്ല.സഭയിൽ പുതിയ നേതാവ് വന്നാൽ, അംഗങ്ങൾ കുറവാണെങ്കിലും കേരളത്തിന്റെ ശ്രദ്ധ സഭയിലേക്ക് അനിവാര്യമായി എത്തും. പ്രതിപക്ഷ നേതാവ് എന്നത് മറ്റ് സ്റ്റേറ്റുകളിലെ പോലെ സഭയിലെ എതിർശബ്ദം മാത്രമല്ല. സഭക്ക് പോകും വഴി വഴിയോരത്ത് എന്തെങ്കിലും പ്രശ്നം നടക്കുന്നുണ്ട് എങ്കിൽ അതിലേക്ക് ശ്രദ്ധ വരേണ്ട ആളാണ് പ്രതിപക്ഷ നേതാവ്.
സഭ എപ്പോൾ തീർന്നാലും പുറത്ത് എന്തൊരു ജനകീയ പ്രശ്നം നടന്നാലും അവിടെ കാണേണ്ട മുഖം. സിപിഐഎമ്മിന് ഇനി വർഗ്ഗ/ ബഹുജന സംഘടനകളുടെ സമരകാലമാണ്. അവിടെ ഒക്കെ പ്രതിപക്ഷ നേതാവ് നേരിട്ട് എത്തണം.ഒരു ദിവസം പലവട്ടം പ്രതികരിക്കേണ്ടി വരും. മുൻകൂട്ടിയുള്ള ചട്ടപ്പടി പരിപാടികളൊന്നും പ്രതിപക്ഷ നേതാവിന് പറ്റില്ല. എപ്പോഴും വേഗത്തിൽ ചലിക്കുന്ന ആളാകണം. ഇന്ന് രാവിലെ കാസർകോട് ആണെങ്കിൽ വൈകിട്ട് തിരുവനന്തപുരത്ത് കാണണം. രാത്രി ഇടുക്കിയിൽ എത്തേണ്ട വരും. അങ്ങനെ ഒക്കെ പെരുമാറുന്ന ഒരു നേതാവിൽ നിന്നാണ് പ്രതിപക്ഷ നേതാവ് ജനിക്കുക.
പാർട്ടിയുടേയോ മുന്നണിയുടെയോ മുഖമല്ല. പൊതുജനങ്ങൾക്ക് 5 കൊല്ലം കഴിഞ് മനസ്സിൽ വെക്കാൻ കഴിയുന്ന ആളായിരിക്കണം.ഊർജം ആയിരിക്കണം. അങ്ങനെയുള്ളൊരു ശ്രദ്ധകേന്ദ്രത്തെ പാർട്ടി കാര്യമായി പരിഗണിക്കുകയും ആ പ്രതിപക്ഷ നേതൃത്വത്തെ തീരുമാനങ്ങളിൽ പങ്ക് കൊള്ളിക്കുകയും വേണം. പാർട്ടിക്കുള്ളിൽ അനിവാര്യമായ തീരുമാനങ്ങൾ എടുക്കുന്ന സാന്നിധ്യമായി അത് മാറും. ഒരു തലമുറ മാറ്റം അവിടെ സംഭവിക്കും. അടുത്ത പാർട്ടി സമ്മേളനങ്ങളിൽ അവർ പ്രധാനഘടകങ്ങളിലേക്ക് വരും.
അങ്ങനെ ഒരു മാറ്റം നിലവിലെ പിണറായി വിജയന്റെ പിന്നിലായി നിൽക്കുന്ന 2031 ൽ 75 വയസൊക്കെ കഴിയുന്ന 3 ആളുകൾ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ പിണറായിക്ക് ചുറ്റുമുള്ള അധികാര ഘടന ഇവരെ കൂടി ആശ്രയിച്ചാണ്. പിണറായി മാറുന്നുണ്ടെങ്കിൽ ഇവർക്ക് അവസരം വരണം.നാളെ അങ്ങനെ ഒരു സാധ്യത വരുമ്പോൾ പുതിയൊരു നേതാവും നിരയും അപ്പുറത്ത് ഉണ്ടാകരുത്.
അതിന് വേണ്ടിയുള്ള നീക്കമാണ് സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നടന്നത്.അവളെബിൽ പിബി തള്ളിയിട്ടും വോട്ടിനിട്ട് പിന്നീട് പാസ്സാക്കി. രണ്ട് മലയാളികളടക്കം 7 പേര് എതിർത്ത് വോട്ട് ചെയ്തു. പിബിയുടെ എതിർവികാരം ശക്തമായിരുന്നു, എന്നിട്ടും അത് തീരുമാനമാക്കിയാണ് കേരളപി ബികൾ ഡൽഹി വിട്ടത്. സ്റ്റേറ്റ് കമ്മിറ്റിയിൽ സ്വാഭാവികമായ നടപടി മാത്രം, പിബി അംഗീകരിച്ച കാര്യം നീണ്ട ചർച്ചകളിലൂടെ തള്ളേണ്ട സാഹചര്യമുണ്ട്. അതൊക്കെ അപൂർവങ്ങളിൽ അപൂർവമാണ്. ആ വിദൂരസാധ്യത നടക്കില്ല എന്ന് മുതിർന്നവർക്ക് അറിയാം.വീണ്ടും 4 പിബി മാർ ഇരുന്ന് കാര്യങ്ങൾ തീരുമാനമാക്കി പുറത്ത് പറഞ്ഞു.
ഗോവിന്ദൻ മാഷും വിജയരാഘവനും ശക്തമായ വിമർശനങ്ങൾ ഏൽക്കേണ്ടവരാണ്.പല ജില്ലകളും ഈ അവസ്ഥയിൽ ആക്കിയവരിൽ പങ്കുള്ള രണ്ട് പേര്.എന്നിട്ടും തീരുമാനങ്ങളുടെ ഭാഗമാവുന്നത് വ്യക്തിപരമായുള്ള ഭാവി നേട്ടം സ്വപ്നം കണ്ടിട്ടാണ്. പിണറായി വിജയന് ‘അധികാര തുടർച്ച’ ഉള്ളത് കൊണ്ട് സ്വാഭാവികമായ സന്തോഷം. പിണറായി വിജയനല്ലാത്ത 3 പിബിക്കും കൃത്യമായി വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഗുരുതരസ്വഭാവമുള്ളത് പാർട്ടിക്കാർ പരിശോധിക്കുന്ന ഘട്ടത്തിലാണ് ഈ അധികാര ഘടന പാർട്ടിയിൽ അവര് സ്ഥിരപ്പെടുത്തുന്നത്.
പുതിയൊരാളെ കൊണ്ട് വരാത്തതിന്റെ പിന്നിൽ കൃത്യമായ പാർട്ടി ‘അധികാരതുടർച്ചയാണ്’ അതിൽ പാർട്ടി അതിജീവനം,സ്വയം തിരുത്തൽ, അണികളോടുള്ള മര്യാദയൊന്നുമില്ല. സിപിഐഎം സ്റ്റേറ്റ് കമ്മിറ്റിയും സെക്രട്ടറിയേറ്റും ഉടച്ച് വാർത്ത് ഈ അധികാരഘടന തകർക്കാതെ ഒരു മാറ്റവും സാധ്യമാവില്ല.




