...
Home News National ഡിലിമിറ്റേഷൻ ബില്ലിൽ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി; ജെഎംഎം പിന്തുണച്ചേക്കുമെന്ന് സൂചന

ഡിലിമിറ്റേഷൻ ബില്ലിൽ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി; ജെഎംഎം പിന്തുണച്ചേക്കുമെന്ന് സൂചന

ജെഎംഎമ്മിന്റെ നിലപാടും അനുകൂലമായാൽ പ്രതിപക്ഷ ഐക്യം കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ

262

റാഞ്ചി: മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള കോൺഗ്രസ് നീക്കങ്ങൾക്ക് തിരിച്ചടിയായി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ബില്ലിനെ പിന്തുണച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള പാർട്ടി അന്തിമ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിന്റെ നിർദേശത്തെ അനുകൂലിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പ്രതിപക്ഷ ക്യാമ്പിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഡിലിമിറ്റേഷൻ, വനിതാ സംവരണ ബില്ലുകൾ വിശദമായി പരിശോധിച്ച ശേഷമേ നിലപാട് വ്യക്തമാക്കൂവെന്നാണ് ജെഎംഎം അറിയിച്ചിരിക്കുന്നത്. ജാർഖണ്ഡിന്റെ താൽപര്യങ്ങൾക്കും പാർലമെന്റിലെ സംസ്ഥാനത്തിന്റെ പ്രാതിനിധ്യത്തിനും ബില്ലുകൾ എങ്ങനെ ബാധകമാകുമെന്നതാകും പാർട്ടി പ്രധാനമായും പരിശോധിക്കുക. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം അറിയിക്കുമെന്നാണ് സൂചന.

ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ശനിയാഴ്ച ഔദ്യോഗിക വസതിയിൽ ചേർന്ന ജെഎംഎം എംപിമാരുടെ യോഗത്തിൽ ബില്ലുകൾ വിശദമായി ചർച്ച ചെയ്തു. സംസ്ഥാനത്തിന്റെ പാർലമെന്റിലെ പ്രാതിനിധ്യം, പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ എണ്ണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും പരിഗണിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് ബില്ലുകളുടെ പകർപ്പ് ലഭിച്ചതെന്നും എംപിമാർ വിശദമായി പഠിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും രാജ്യസഭാ എംപി മഹുവ മാജി പറഞ്ഞു. വിഷയത്തിൽ വിദഗ്ധരുടെ അഭിപ്രായവും മുഖ്യമന്ത്രി തേടുമെന്നും അവർ വ്യക്തമാക്കി.

രാജ്യസഭാ എംപിമാരായ സർഫ്രാസ് അഹമ്മദ്, ബൈദ്യനാഥ് റാം, ലോക്‌സഭാ എംപിമാരായ വിജയ് ഹൻസ്ദാക്, ജോബ മാഞ്ചി, നളിൻ സോറൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ജെഎംഎമ്മിന് ലോക്‌സഭയിലും രാജ്യസഭയിലുമായി ആറ് എംപിമാരാണുള്ളത്.

സ്റ്റാലിന്റെ നിലപാട് മാറ്റാൻ കോൺഗ്രസ് നീക്കം

അതേസമയം, ഡിലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിൽ മാറ്റമുണ്ടാക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം ശക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കാണാൻ ചെന്നൈയിലെത്തി.

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരും സംഘത്തിലുണ്ട്. ഡിലിമിറ്റേഷൻ ബില്ലിനെതിരായ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എൻസിപി (ശരദ് ചന്ദ്ര പവാർ) അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താൻ സംഘം മുംബൈയിലേക്കും പോകും.

ഡിലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് പുനഃപരിശോധിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പാർട്ടിയുടെ തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിച്ചിട്ടുണ്ടെന്ന് ഡിഎംകെ എംപി കനിമൊഴിയും വ്യക്തമാക്കിയിട്ടുണ്ട്.

ലോക്‌സഭയിൽ 22 അംഗങ്ങളും രാജ്യസഭയിൽ എട്ട് അംഗങ്ങളുമുള്ള ഡിഎംകെയുടെ നിലപാട് ബില്ലിനെതിരായ പ്രതിപക്ഷ നീക്കങ്ങളിൽ നിർണായകമാണ്. ജെഎംഎമ്മിന്റെ നിലപാടും അനുകൂലമായാൽ പ്രതിപക്ഷ ഐക്യം കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.