...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ‘ഏകപക്ഷീയ തീരുമാനങ്ങൾ’ മുതൽ 14 വിയോജിപ്പുകൾ വരെ; ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ നീക്കം ശക്തം

‘ഏകപക്ഷീയ തീരുമാനങ്ങൾ’ മുതൽ 14 വിയോജിപ്പുകൾ വരെ; ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ നീക്കം ശക്തം

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പുതിയ നീക്കത്തിന് പ്രധാന പശ്ചാത്തലമായത്.

2

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പുതിയ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. ഇന്ത്യ സഖ്യത്തിലെ കക്ഷികൾ സംയുക്തമായാണ് നീക്കത്തിന് നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിൽ ലോക്‌സഭയിലും രാജ്യസഭയിലും ഇതുസംബന്ധിച്ച നോട്ടീസ് സമർപ്പിക്കാനാണ് നീക്കം.

ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തുന്ന പുതിയ നീക്കമാണിത്. നേരത്തെ സമർപ്പിച്ച നീക്കങ്ങൾ നിരസിക്കപ്പെട്ടിരുന്നു. ഏപ്രിൽ 24ന് 73 പ്രതിപക്ഷ എം.പിമാർ ഒപ്പിട്ടു നൽകിയ രാജ്യസഭയിലെ നോട്ടീസ് നിലവിൽ പരിഗണനയിലാണ്. ഇതിനിടെയാണ് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

പുതിയ നോട്ടീസ് തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പാർലമെന്റിൽ സമർപ്പിക്കുന്നതിന് മുമ്പ് നിയമവിദഗ്ധർ ഇത് പരിശോധിക്കുമെന്നും പ്രതിപക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. അടുത്ത ആഴ്ചയോടെ ഇരുസഭകളിലും നോട്ടീസ് നൽകാനാണ് നീക്കം. ഇന്ത്യ സഖ്യത്തിലെ വിവിധ കക്ഷികൾ ഏകോപിച്ചാണ് നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പുതിയ നീക്കത്തിന് പ്രധാന പശ്ചാത്തലമായത്. ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ സന്ധുവും ജോഷിയും കമ്മിഷന്റെ തീരുമാനങ്ങളിലും നടപടികളിലും രേഖാമൂലം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, വോട്ടർപട്ടികയിലെ പേരുകൾ കൂട്ടിച്ചേർക്കൽ, നീക്കം ചെയ്യൽ, ഫോം 6ലെ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാനമായും എതിർപ്പുകൾ.

പ്രധാന തീരുമാനങ്ങൾ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് എടുത്തതെന്നാണ് രണ്ട് കമ്മിഷണർമാരും രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വോട്ടർ ഡാറ്റാബേസ് കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ടും നടപടിക്രമങ്ങളെക്കുറിച്ചും ഇവർ ആശങ്കകൾ ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്.

അതേസമയം, കമ്മിഷനിലെ അഭിപ്രായവ്യത്യാസങ്ങളും നിരീക്ഷണങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ സാധാരണ പ്രവർത്തനക്രമത്തിന്റെ ഭാഗമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവുകൾക്ക് പൂർണ നിയമസാധുതയുണ്ടെന്നും തെരഞ്ഞെടുപ്പ് നടപടികൾ മെച്ചപ്പെടുത്തുന്നതിനായി കമ്മിഷണർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിർദേശങ്ങൾ നൽകാമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്.ഐ.ആറുമായി ബന്ധപ്പെട്ടും വലിയ രാഷ്ട്രീയ വിവാദമാണ് ഉയർന്നിരിക്കുന്നത്. രാജ്യത്തുടനീളം 13 കോടിയിലധികം പേരുകൾ കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഒഴിവാക്കപ്പെട്ട പേരുകളുടെ കാര്യത്തിൽ പുനഃപരിശോധനയും അപ്പീൽ നടപടികളും തുടരുന്നുണ്ട്.

വോട്ടർപട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ രാജ്യത്തിനെതിരായ ഗുരുതര കുറ്റകൃത്യമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതടക്കമുള്ള ആരോപണങ്ങളിൽ ഗൗരവമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് ലോക്‌സഭയിൽ കുറഞ്ഞത് 100 എം.പിമാരുടെയും രാജ്യസഭയിൽ 50 എം.പിമാരുടെയും പിന്തുണ ആവശ്യമാണ്. നേരത്തെ മാർച്ചിൽ പ്രതിപക്ഷം സമർപ്പിച്ച നോട്ടീസിന് ലോക്‌സഭയിൽ 130 എം.പിമാരുടെയും രാജ്യസഭയിൽ 63 എം.പിമാരുടെയും പിന്തുണയുണ്ടായിരുന്നെങ്കിലും ഏപ്രിൽ ആറിന് ഇരുസഭകളുടെയും അധ്യക്ഷന്മാർ നോട്ടീസ് തള്ളിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.