...
Home News National കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ പ്രതിപക്ഷത്തിൻ്റെ പുതിയ നീക്കം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ പ്രതിപക്ഷത്തിൻ്റെ പുതിയ നീക്കം

ഭരണഘടനാപരമായ ബാധ്യതയും നിഷ്‌പക്ഷതയും പാലിക്കാതെ ഭരണകൂടത്തിൻ്റെ സ്വാധീനത്തിൽ കമ്മിഷണർ പ്രവർത്തിച്ചു

204

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ പാർലമെന്റിൽ പുതിയ നീക്കവുമായി പ്രതിപക്ഷം. വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടു പോകുന്നത്. കൂടുതൽ എംപിമാരുടെ ഒപ്പ് ശേഖരിക്കാനാണ് നീക്കം.

തെരഞ്ഞെടുപ്പ് അട്ടിമറി അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രമേയം. മുമ്പ് പ്രതിപക്ഷം നൽകിയ പ്രമേയം രാജ്യസഭ ചെയർമാനും ലോക്‌സഭ സ്‌പീക്കറും തള്ളിയിരുന്നു. 193 എംപിമാരുടെ ഒപ്പ് അന്നത്തെ പ്രമേയത്തിൽ ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് 12-നാണ് 63രാജ്യസഭ എംപിമാരും 130 ലോക്‌സഭ അംഗങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സ്ഥാനത്ത് നിന്നും ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി പ്രമേയം നൽകിയത്. ഗ്യാനേഷ് കുമാറിന് എതിരെയുള്ള ആരോപണങ്ങളിൽ പ്രതിപക്ഷ സഖ്യം ഉറച്ചുനിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വതന്ത്രവും നിഷ്‌പക്ഷവുമായി പ്രവർത്തിക്കാനുള്ള രീതിയെ ദുർബലപ്പെടുത്തുന്നതാണ് ഗ്യാനേഷ് കുമാറിൻ്റെ പ്രവർത്തനങ്ങൾ എന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.

കമ്മീഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ പരിഗണനയിൽ ഉണ്ടായിരുന്ന കേസിനിടെ അർധരാത്രിയിൽ അടിയന്തരമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിച്ചത് ഭരണകൂടത്തിന് ഇഷ്‌ടപ്പെട്ട വ്യക്തിയെ നിയമിക്കാൻ നടത്തിയ ശ്രമമാണ്. ഭരണഘടനാപരമായ ബാധ്യതയും നിഷ്‌പക്ഷതയും പാലിക്കാതെ ഭരണകൂടത്തിൻ്റെ സ്വാധീനത്തിൽ കമ്മിഷണർ പ്രവർത്തിച്ചു.

പ്രതിപക്ഷ നേതാക്കൾക്ക് എതിരെ നടപടി എടുക്കുമ്പോൾ ഭരണകക്ഷി നേതാക്കൾക്കെതിരെ സമാന ആരോപണങ്ങളിൽ അതേ മാനദണ്ഡം പാലിച്ചില്ല തുടങ്ങി ഏഴോളം ആരോപണങ്ങളാണ് മുമ്പ് ഇരുസഭകളിലുമായി പ്രതിപക്ഷ എംപിമാർ നൽകിയ നോട്ടീസിൽ ഉണ്ടായിരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.