...
Home News Kerala ‘അവയവദാനം’; പത്ത് മാസമുള്ള കുഞ്ഞുമോൾ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകും

‘അവയവദാനം’; പത്ത് മാസമുള്ള കുഞ്ഞുമോൾ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകും

മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

220

റോഡ് അപകടത്തെ തുടര്‍ന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങള്‍ ദാനം ചെയ്യും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുക. വൃക്കകളും ഹൃദയ വാല്‍വും കരളും നേത്രപടലങ്ങളും ദാനം ചെയ്യും. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

അമൃത ആശുപത്രിയില്‍ നിന്നാണ് അവയവങ്ങള്‍ ദാനം ചെയ്യുക. രണ്ട് വൃക്കകള്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള പത്തുവയസുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാള്‍വ് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും.

കരള്‍ തിരുവനന്തപുരം കിംസില്‍ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് പുതുജീവന്‍ പകരുക. കരള്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞായി ഈ കുട്ടി മാറും. നേത്രപടലങ്ങള്‍ കൊച്ചി അമൃതയിലേക്ക് കൊണ്ടുപോകും. എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് വൈകീട്ട് 6.30 ഓടെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

അഞ്ച് പേര്‍ക്കാണ് കുഞ്ഞ് ആലിന്‍ പുതുജീവന്‍ പകരുക. ഫെബ്രുവരി അഞ്ചാം തിയതി തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്ന വഴിയാണ് ആലിന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടി. ഒരാഴ്‌ച കുഞ്ഞ് ചികിത്സയിൽ ആയിരുന്നെങ്കിലും വെള്ളിയാഴ്‌ച കുഞ്ഞിൻ്റെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുക ആയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.