...
Home Entertainments ‘ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്ക് ആവില്ല’; ഒരു വടക്കൻ വീരഗാഥ റീ-റിലീസിന്

‘ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്ക് ആവില്ല’; ഒരു വടക്കൻ വീരഗാഥ റീ-റിലീസിന്

പാലേരി മാണിക്യം, വല്യേട്ടൻ, ആവനാഴി എന്നീ ചിത്രങ്ങൾക്ക് ശേഷം റീറിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഒരു വടക്കൻ വീരഗാഥ

289

മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ റിലീസ് ചെയ്‌ത്‌ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ ഏപ്രിൽ എഴിന് എത്തുകയാണ്. എംടിയുടെ തൂലികയിൽ ഹരിഹരൻ സംവിധാനം ചെയ്‌ത ക്ലാസിക്ക് ഈ ചിത്രം 4K റെസല്യുഷനിൽ ഡോൾബി അറ്റ്മോസ് ക്വാളിറ്റിയിൽ റീസ്റ്റോർ ചെയ്‌ത പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. പാലേരി മാണിക്യം, വല്യേട്ടൻ, ആവനാഴി എന്നീ ചിത്രങ്ങൾക്ക് ശേഷം റീറിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.

വടക്കൻ പാട്ടുകളിൽ ആരോമൽ ചേകവരെ ചതിച്ചു കൊന്ന ചതിയൻ ചന്തു എന്ന കഥാപാത്രത്തെ പ്രതിനായക വേഷത്തിൽ നിന്നും നായക വേഷത്തിലേക്ക് എംടി വാസുദേവൻ നായർ പറിച്ചു നടുകയായിരുന്നു. ഒരു വടക്കൻ വീരഗാഥയിലൂടെ 1990ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയെടുത്തിരുന്നു.

കൂടാതെ മികച്ച തിരക്കഥയ്ക്കും, പ്രൊഡക്ഷൻ ഡിസൈനിനുമുള്ള ദേശീയ പുരസ്‌കാരങ്ങളും, മികച്ച സംവിധായകനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരവും ചിത്രം നേടി. എട്ട് പുരസ്‌കാരങ്ങളുമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലും ചിത്രം ചരിത്രം സൃഷ്‌ടിച്ചു.

സിനിമ സംഘടനാ അമ്മയുടെ ഓഫീസിൽ മമ്മൂട്ടിയുടേയും സുരേഷ്‌ഗോപിയുടെയും സാന്നിധ്യത്തിൽ മോഹൻലാൽ ആണ് ചിത്രത്തിൻ്റെ 4K ട്രെയിലർ പുറത്തു വിട്ടത്. ട്രെയിലർ ഇതിനകം രണ്ട് ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. മമ്മൂട്ടിക്കും, സുരേഷ് ഗോപിക്കും ഒപ്പം, ബാലൻ കെ നായർ, ക്യാപ്റ്റൻ രാജു, ഗീത, മാധവി, ചിത്ര, വിനീത് കുമാർ, ജോമോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.