| ശരണ്യ എം ചാരു
റാഗിങ്ങിനെ തുടർന്ന് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച വാർത്തകൾ ദിവസങ്ങളായി കാണുന്നുണ്ട്. ഒരുപാട് പ്രതീക്ഷകളുമായി ഒരച്ഛനുമമ്മയും 22 വയസ്സുവരെ വളർത്തി വലുതാക്കി, പഠിപ്പിച്ച ഇനിയുമെത്രയോ കാലം ഈ ഭൂമിയിൽ നമുക്കിടയിൽ ജീവിച്ചിരിക്കേണ്ട യുവാവാണ് കോളേജിന്റെ ഹോസ്റ്റലിൽ ശുചിമുറിയിൽ മരണപ്പെട്ടു കിടന്നത്. പക്ഷെ നമ്മളെല്ലാം മൗനത്തിലാണ്. എങ്ങും പ്രതിഷേധങ്ങളില്ല, മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യമില്ല, ആർക്കും ഒരനക്കവുമില്ല. ഒരു വിദ്യാർത്ഥിയുടെ മരണത്തിൽ തെല്ലുമേ ഞെട്ടലില്ല.
എസ്എഫ്ഐ നേതാക്കൾ സിദ്ധാർത്ഥിനെ മർദിച്ചിരുന്നതായി സഹപാഠികൾ പറയുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ പലയിടത്തായി ചതവുകളും മുറിവുകളും കണ്ടെത്തിയതായി സിദ്ധാർത്ഥിന്റെ അച്ഛനും പറയുന്നത് കേട്ടു. കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒരു വിദ്യാർത്ഥിയെ കോളേജിന്റെ ശുചിമുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടും പോലീസ് കാണിച്ച നിഷ്‌ക്രിയത്വത്തെ ഒക്കെ വീട്ടുകാർ കാര്യമായി വിമർശിക്കുന്നുണ്ട്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന 12 പേരിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. ബാക്കി ആളുകൾ ഒളിവിലാണ് പോലും.
കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ റാഗിംഗ് നടന്നിട്ടുണ്ടെന്നത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്. എസ്‌എഫ്ഐ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്. സംഭവം അറിഞ്ഞ ഉടനെ 4 പേരെ പുറത്താക്കി എന്നു പറഞ്ഞാൽ സംഭവം നടന്നിട്ടുണ്ട് എന്ന് തന്നെയാണ് അർത്ഥം. പുറത്താക്കുകയല്ല, റാഗിംഗ് നിരോധന നിയമ പ്രകാരം അത് ചെയ്തവർക്കെതിരെ കേസ് എടുപ്പിക്കുകയാണ് ഉത്തരവാദിത്വപ്പെട്ടൊരു വിദ്യാർത്ഥി സംഘടന ചെയ്യേണ്ടിയിരുന്നത് എന്നതാണ് യാഥാർഥ്യം. അതവർ ചെയ്തിട്ടുണ്ടോ എന്നാണ് ചോദിക്കേണ്ടത്. പുറത്താക്കലിന്റെ രാഷ്ട്രീയത്തെ കുറിച്ചൊന്നും കൂടുതലൊന്നും പറയാനില്ല. പലകുറി കണ്ടതും പറഞ്ഞതുമാണ്.
ഹൈദരാബാദ് യൂണിവേഴ്സി ക്യാമ്പസിൽ രോഹിത് വെമൂല ആത്മഹത്യ ചെയ്തപ്പോൾ അവന് വേണ്ടി സംസാരിച്ച നമ്മൾ സിദ്ധാർത്ഥിന്റെ മരണത്തിൽ പാലിക്കുന്ന മൗനം കുറ്റകരമായ അനാസ്ഥയാണ്. കേരളത്തിന് പുറത്തുള്ള ക്യാമ്പസുകളിൽ പൊലിയുന്ന ജീവനുകൾക്ക് വേണ്ടി സംസാരിക്കുകയും, അതിൽ പ്രതിഷേധിക്കുകയും ചെയ്യുന്ന നമുക്ക് ഇവിടെ ഇന്നാട്ടിലെ ഒരു കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ മരണപ്പെട്ടു കിടന്ന കുട്ടിയെ കുറിച്ചു സംസാരിക്കാനില്ലെങ്കിൽ നമ്മളെല്ലാം സെലക്ടീവ് ആണെന്ന് മാത്രം മനസ്സിലാക്കിയാൽ മതി.



