തിരുവനന്തപുരം: ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാൽ. കടുത്ത അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ മുഖേനയാണ് രാജിക്കത്ത് കൈമാറിയത്. ബിജെപിയുടെ ആശയങ്ങൾക്കൊപ്പം ഇനി മുന്നോട്ടുപോകാനാകില്ലെന്നും പാർട്ടിയിൽ ചേരാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നും പത്മജ വ്യക്തമാക്കി.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇപ്പോൾ ആ തെറ്റ് തിരുത്തുകയാണെന്നും പത്മജ പ്രതികരിച്ചു. കെ. കരുണാകരന്റെ മകളായ താൻ ജനിച്ചുവീണത് കോൺഗ്രസ് കുടുംബത്തിലാണെന്നും അവർ പറഞ്ഞു.
‘ബിജെപിയിൽ പോയത് തെറ്റായിപ്പോയി, ആ തെറ്റ് തിരുത്തുന്നു’
പദവികളോ അധികാരമോ ലക്ഷ്യമിട്ടല്ല ബിജെപിയിൽ ചേർന്നതെന്ന് പത്മജ വ്യക്തമാക്കി. അധികാരമായിരുന്നു ലക്ഷ്യമെങ്കിൽ യുഡിഎഫിനൊപ്പം തന്നെ തുടരാമായിരുന്നുവെന്നും അവർ പറഞ്ഞു.
ഭാവി രാഷ്ട്രീയ നീക്കങ്ങൾ സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അച്ഛന്റെ ഓർമകളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും രാജിക്കാര്യം സഹോദരൻ കെ. മുരളീധരനോട് മാത്രമാണ് സംസാരിച്ചതെന്നും പത്മജ വെളിപ്പെടുത്തി. കോൺഗ്രസിലെ മറ്റൊരു നേതാവുമായും ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബിജെപി നേതൃത്വവുമായി കുറച്ചുനാളായി അകൽച്ചയിൽ
കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി പത്മജ അകൽച്ചയിലായിരുന്നു. 2024 മാർച്ചിലാണ് കോൺഗ്രസ് വിട്ട് അവർ ബിജെപിയിൽ ചേർന്നത്. എന്നാൽ പാർട്ടിയിലെത്തിയശേഷം കാര്യമായ പരിഗണന ലഭിച്ചില്ലെന്നാണ് പത്മജയുടെ നിലപാട്.
2025 മാർച്ചിൽ ബിജെപി ദേശീയ കൗൺസിൽ അംഗമായി നിയമിച്ചതൊഴിച്ചാൽ പ്രധാനപ്പെട്ട പദവികളൊന്നും പത്മജയ്ക്ക് ലഭിച്ചിരുന്നില്ല. ഗവർണർ പദവി നൽകുമെന്ന തരത്തിൽ ചില ഘട്ടങ്ങളിൽ സൂചനകൾ ഉയർന്നിരുന്നെങ്കിലും അതും യാഥാർഥ്യമായില്ല. പാർട്ടിയിൽ അർഹമായ പരിഗണനയും രാഷ്ട്രീയ പ്രാധാന്യവും ലഭിക്കാത്തതാണ് നേതൃത്വവുമായുള്ള അകൽച്ചയ്ക്ക് കാരണമെന്നാണ് സൂചന.
കോൺഗ്രസിലേക്ക് മടങ്ങുമോ?
ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുമോയെന്നാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തിരിച്ചുവരവുമായി ബന്ധപ്പെട്ട് ചില നേതാക്കളുമായി ചർച്ചകൾ നടത്തിയതായി സൂചനകളുണ്ടെങ്കിലും കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ല.
അതേസമയം, കോൺഗ്രസ് വിട്ടുപോയ സമയത്ത് പത്മജ നടത്തിയ പരസ്യ വിമർശനങ്ങളും വിവാദ പ്രസ്താവനകളും തിരിച്ചുവരവിന് വെല്ലുവിളിയായേക്കും. സഹോദരൻ കെ. മുരളീധരനെതിരെ ഉൾപ്പെടെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നതും തൃശൂരിലെ മുരളി മന്ദിരത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് പ്രവേശനം നൽകിയതുമെല്ലാം കോൺഗ്രസ് നേതൃത്വത്തിലും പ്രവർത്തകരിലും അതൃപ്തിയുണ്ടാക്കിയിരുന്നു.
കോൺഗ്രസിലേക്ക് മടങ്ങിയെത്തിയാലും ഉടൻതന്നെ വലിയ പദവികൾ ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം. പത്മജയുടെ രാജിയോടെ കേരളത്തിലെ ബിജെപി രാഷ്ട്രീയത്തിലും കോൺഗ്രസ് ക്യാമ്പിലും പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.


