...
Home News National ഭീകരർക്ക് തണലൊരുക്കി പാകിസ്താൻ; ഇന്ത്യയെ ലക്ഷ്യമിടുന്ന ഗ്രൂപ്പുകൾ ഇപ്പോഴും സജീവം: യുഎസ് റിപ്പോർട്ട്

ഭീകരർക്ക് തണലൊരുക്കി പാകിസ്താൻ; ഇന്ത്യയെ ലക്ഷ്യമിടുന്ന ഗ്രൂപ്പുകൾ ഇപ്പോഴും സജീവം: യുഎസ് റിപ്പോർട്ട്

187

ഇന്ത്യയെ ലക്ഷ്യംവെക്കുന്ന ഭീകരവാദ ഗ്രൂപ്പുകൾക്ക് പാകിസ്താൻ ഇപ്പോഴും തങ്ങളുടെ മണ്ണിൽ അഭയം നൽകുന്നതായി യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയെയും കശ്മീരിനെയും ലക്ഷ്യംവെക്കുന്ന തീവ്രവാദികൾ ഉൾപ്പെടെ നിരവധി ഭീകര സംഘടനകൾ പാകിസ്താൻ മണ്ണിൽ സുരക്ഷിതരായി തുടരുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളോളം നീണ്ട സൈനിക നടപടികൾക്കും നയപരമായ തീരുമാനങ്ങൾക്കും ശേഷവും ഈ സ്ഥിതിക്ക് മാറ്റമില്ലെന്നത് ശ്രദ്ധേയമാണ്. അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിനായി തയ്യാറാക്കിയ ഒരു സ്വതന്ത്ര ഗവേഷണ റിപ്പോർട്ടാണിത്.

2008-ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്‌കറെ തൊയ്ബയും, 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണവുമായി ബന്ധമുള്ള ജെയ്ഷെ മുഹമ്മദും പാകിസ്താൻ പ്രദേശത്ത് നിന്ന് പ്രവർത്തനം തുടരുന്നതായി റിപ്പോർട്ട് എടുത്തുപറയുന്നു. മിക്ക ഭീകരവാദ ഗ്രൂപ്പുകളും ‘ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രത്യയശാസ്ത്രത്താൽ’ പ്രേരിതരാണെന്നാണ് കണ്ടെത്തൽ. ആഗോള തലത്തിലുള്ളവ, അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചുള്ളവ, ഇന്ത്യ-കശ്മീർ കേന്ദ്രീകരിച്ചുള്ളവ, ആഭ്യന്തരമായി പ്രവർത്തിക്കുന്നവ, വിഭാഗീയ ഗ്രൂപ്പുകൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് ഈ സംഘടനകളെ തിരിച്ചിരിക്കുന്നത്.

അടുത്ത കാലത്തായി പാകിസ്താനിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ വലിയ വർദ്ധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019-ൽ ഭീകരവാദം മൂലം മരിച്ചവരുടെ എണ്ണം 365 ആയി കുറഞ്ഞുവെങ്കിലും, പിന്നീട് ഓരോ വർഷവും ഇത് ഉയരുകയും 2025-ൽ മരണസംഖ്യ 4,001-ൽ എത്തുകയും ചെയ്തു. കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഭീകരവാദം ശക്തമായതെന്നും ഇത് പാകിസ്താനെ സാരമായി ബാധിച്ചുവെന്നും ഗവേഷകർ അവകാശപ്പെടുന്നു.

മേഖലയിൽ അൽ-ഖ്വയ്ദയും, 4,000-6,000 പോരാളികളുള്ള ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയും (ISKP) സജീവമാണ്. പാകിസ്താനിലെ ഏറ്റവും മാരകമായ ഭീകരവാദ ഗ്രൂപ്പായി വിശേഷിപ്പിക്കപ്പെടുന്നത് തെഹ്രീകെ താലിബാൻ പാകിസ്താൻ (TTP) ആണ്. ഇവർക്ക് 2,500 മുതൽ 5,000 വരെ പോരാളികളുണ്ടെന്നും, പാകിസ്താൻ സർക്കാരിനെ അട്ടിമറിച്ച് അവിടെ ശരീഅത്ത് നിയമം നടപ്പിലാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ആഭ്യന്തര ഭീഷണികൾ നേരിടുമ്പോഴും അയൽരാജ്യങ്ങളെ ലക്ഷ്യംവെക്കുന്നവർക്ക് പാകിസ്താൻ നൽകുന്ന സംരക്ഷണം തുടരുകയാണ്.

ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി പാകിസ്താൻ മാറിയെന്ന് വ്യക്തമാക്കുമ്പോഴും, ഇന്ത്യക്കെതിരെയുള്ള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്താൻ തുടരുന്നത് മേഖലയിലെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്. ലഷ്‌കറെ തൊയ്ബയും ജെയ്ഷെ മുഹമ്മദും പാകിസ്താൻ മണ്ണിൽ സജീവമായി തുടരുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ വഷളാക്കുന്നു. കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ ഈ കണ്ടെത്തലുകൾ അമേരിക്കയുടെ ഔദ്യോഗിക നിലപാടായി കണക്കാക്കില്ലെങ്കിലും, പാകിസ്താനെതിരെയുള്ള അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിപ്പിക്കാൻ ഇത് കാരണമായേക്കാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.