പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ പറഞ്ഞു. ബുധനാഴ്ച ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പേപ്പർ ചോർച്ച വിഷയത്തിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയ വൽക്കരിക്കരുതെന്നും നദ്ദ ആവശ്യപ്പെട്ടു. എൻഡിഎ ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പേപ്പർ ചോർച്ച സംഭവങ്ങളുണ്ടായതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
പേപ്പർ ചോർച്ച വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. വിഷയത്തിൽ ചർച്ച നടത്താൻ സർക്കാർ സന്നദ്ധമാണെന്നും പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് തയ്യാറാണെന്നും ജെ.പി നദ്ദ വ്യക്തമാക്കി.


