ന്യൂഡൽഹി: മൺസൂൺ സമ്മേളനം അവസാനിച്ച് നൂറിലേറെ ദിവസങ്ങൾക്ക് ശേഷം പാർലമെന്റ് വീണ്ടും ചേരുന്നു. നാല് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. എന്നാൽ പതിവ് പാർലമെന്ററി നടപടികളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണത്തെ സമ്മേളനം. ചോദ്യോത്തര വേള, സീറോ അവർ, സ്വകാര്യ അംഗങ്ങളുടെ കാര്യങ്ങൾ എന്നിവയ്ക്ക് അവസരമുണ്ടാകില്ല. അടിയന്തര സർക്കാർ നടപടികൾക്കും പ്രധാന ബില്ലുകൾക്കുമായിരിക്കും സമ്മേളനത്തിൽ മുൻഗണന നൽകുക.
ലോക്സഭ നവംബർ 30നും രാജ്യസഭ ഡിസംബർ 2നും രാവിലെ 11 മണിക്ക് വീണ്ടും സമ്മേളിക്കും. ഡിസംബർ 3 വരെ സഭാ നടപടികൾ തുടരാനാണ് നിലവിലെ തീരുമാനം. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യാഴാഴ്ച എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും സഭകൾ വീണ്ടും വിളിച്ചുചേർക്കാൻ സർക്കാർ അഭ്യർഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ഈ യോഗങ്ങളിൽ ചോദ്യോത്തര വേളയും സീറോ അവറും സ്വകാര്യ അംഗങ്ങളുടെ കാര്യങ്ങളും ഉണ്ടായിരിക്കില്ല. സാധാരണ സമ്മേളനങ്ങളിൽ മന്ത്രിമാരോട് ചോദ്യങ്ങൾ ഉന്നയിക്കാനും പൊതുപ്രാധാന്യമുള്ള വിഷയങ്ങൾ അവതരിപ്പിക്കാനും എംപിമാർക്ക് ലഭിക്കുന്ന അവസരങ്ങൾ ഇത്തവണ ഒഴിവാക്കും. രാജ്യസഭാംഗങ്ങൾക്കും ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.
മൺസൂൺ സമ്മേളനത്തിന്റെ തുടർച്ച
ഈ സമ്മേളനത്തിന്റെ പ്രധാന പ്രത്യേകത ഇത് പുതിയ ശീതകാല സമ്മേളനമല്ല എന്നതാണ്. മൺസൂൺ സമ്മേളനത്തിന്റെ തുടർച്ചയായാണ് നാല് ദിവസത്തെ യോഗം ചേരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 13നാണ് മൺസൂൺ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. എന്നാൽ രാഷ്ട്രപതി സമ്മേളനം പ്രൊറോഗ് ചെയ്തിരുന്നില്ല.
ലോക്സഭാ നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും റൂൾ 15 പ്രകാരം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ സഭ വീണ്ടും വിളിച്ചുചേർക്കാൻ സ്പീക്കർക്ക് അധികാരമുണ്ട്. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയും രാജ്യസഭാ ചെയർമാനും സഭകളുടെ യോഗം വീണ്ടും വിളിച്ചുചേർത്തിരിക്കുന്നത്.
വനിതാ സംവരണവും മണ്ഡല പുനർനിർണയവും ചർച്ചയാകുമോ?
വനിതാ സംവരണവും ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകൾ സമ്മേളനത്തിൽ സർക്കാർ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച നിർദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം തേടുന്നതിനായി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രിസഭാ യോഗവും ചേർന്നിരുന്നു.
നേരത്തെ ഏപ്രിലിൽ നടന്ന പ്രത്യേക സമ്മേളനത്തിലും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബിൽ സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ബിൽ പാസാക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ.
പുതിയ സമ്മേളനത്തിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും മണ്ഡല പുനർനിർണയത്തിലും മാറ്റങ്ങൾ വരുത്തിയുള്ള നിർദേശങ്ങൾ സർക്കാർ വീണ്ടും കൊണ്ടുവന്നേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഡിസംബർ മൂന്നോടെ സഭാ നടപടികൾ പൂർത്തിയാക്കി സമ്മേളനം അവസാനിപ്പിക്കാനാണ് നീക്കം.


