| സയിദ് അബി
മൂന്ന് ദിവസത്തെ സ്റ്റേറ്റ് കമ്മിറ്റിക്കും സെക്രട്ടറിയേറ്റിനും ശേഷം ഒന്നരമണിക്കൂർ എംവി ഗോവിന്ദൻ മാഷ് പത്രക്കാരെ കണ്ടിട്ട് മൂന്ന് മാസം തികയ്യുന്നു. ലോക്സഭാതെരെഞ്ഞെടുപ്പ് തോൽവി എന്ത്‌കൊണ്ടാണ് എന്ന് സമയമെടുത്താണ് അന്ന് മാഷ് വിശദീകരിച്ചത്.സർക്കാരിന്റെയും പാർട്ടിയുടെയും പരാജയങ്ങൾ വരികൾക്ക് ഇടയിലൂടെ തെളിഞ്ഞിരുന്നു.
എന്നാൽ നാട്ടിൽ പടരുന്ന വെറുപ്പിനെ കുറിച്ചോ? സോഷ്യൽ മീഡിയയിലോ മറ്റ് മീഡിയകളിലോ വളർന്ന ഇടത്- വെറുപ്പുകളുടെ സ്വഭാവത്തെ കുറിച്ചോ മാഷ് ഒന്നും പറഞ്ഞിരുന്നില്ല.അതിന് ശേഷം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് അതിനെ കുറിച്ചും വിശദമായി സംസാരിച്ചിരുന്നു. അതിന് ശേഷം പിന്നെ എന്തൊക്കെ സിപിഐഎമ്മിൽ സംഭവിച്ചു? സർക്കാർ പല കാര്യങ്ങളിലും മാറി, മുൻഗണനാക്രമങ്ങൾ വന്നു.ആനുകൂല്യങ്ങൾ വിതരണം ചെയ്യപ്പെട്ടു.സർക്കാർ ജീവനക്കാരിൽ RTC ക്കാരെ ഒഴിച്ച് കാര്യമായി പരിഗണിച്ചു (അവരുടെ പ്രശ്നങ്ങളും അനുഭാവപൂർവം കേൾക്കുന്നു എന്നറിയുന്നു.)
എന്നാൽ സിപിഐഎം എന്ത് ചെയ്തു? പോലീസ് അടക്കമുള്ള വിഷയങ്ങളിൽ പരിശോധന നടക്കും എന്ന് അന്ന് മാഷ് പറഞ്ഞിരുന്നു.പാർട്ടി പിന്നീട് മേഖലായോഗങ്ങൾ വെച്ചു. താഴേക്കിടയിലെ പ്രശ്നങ്ങൾ കേട്ടു. അതൊക്കെ പ്രതീക്ഷിച്ച ഫലം എങ്കിലും ഉണ്ടാക്കിയോ? അതിന്റെ റിപ്പോർട്ടുകൾ പിന്നീട് സ്റ്റേറ്റ് കമ്മിറ്റി പരിഗണിച്ചോ? ആഴ്ചയിൽ ഒരു ദിവസം കൂടുന്ന സെക്രട്ടറിയേറ്റ് പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തിയോ? ജൂണിൽ മുസ്ലിം ലീഗിന്റെയും എസ് എൻ ഡിപി യുടെയും വർഗീയശ്രമങ്ങളെ മാഷ് പറഞ്ഞിരുന്നു. അവർ സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പറഞ്ഞു.എന്നിട്ട് അതിനെതിരെ എന്താണ് ഇപ്പോൾ പാർട്ടി ചെയ്യുന്നത്?
സർക്കാരിന്റെ പണവിതരണങ്ങൾ കൊണ്ട് സിപിഐഎമ്മിന് രാഷ്ട്രീയ പിന്തുണ വീണ്ടെടുക്കാം എന്നാണോ കരുതുന്നത്. ആഭ്യന്തരവകുപ്പ് വിമർശനങ്ങൾ പരിഗണിക്കാം എന്ന് കോടിയേരി മുതൽ ഗോവിന്ദൻ മാഷ് വരെ പല ആവർത്തി പറഞ്ഞിട്ട് വെള്ളിയാഴ്ച സെക്രട്ടറിയേറ്റുകൾ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. പറയേണ്ടതിൽ പാതി പറയാറില്ല.പറഞ്ഞതിൽ പാതി പോലും ചെയ്യാറുമില്ല,ചെയ്തതിൽ പകുതി പോലും പൂർണമല്ല, പൂർത്തീകരിച്ച പകുതിയിലും രാഷ്ട്രീയമില്ല.
എന്ത് കൊണ്ട് അജിത്കുമാർ തുടരുന്നു എന്ന് പറയാനെടുത്ത പകുതി അധ്വാനം അന്നത്തെ മാഷിന്റെ നിഗമനങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആവിശ്യമില്ല. അജിത് കുമാറിന് വേണ്ടി അവതരിപ്പിക്കപ്പെടുന്ന’സ്വതന്ത്ര പോലീസ് തത്ത്വലേഖനങ്ങൾ’ ക്ക് ആവശ്യമുള്ള അലങ്കാരങ്ങളൊന്നും താഴേക്കിടയിലെ പ്രശ്നങ്ങളെ സത്യസന്ധമായി സമീപിക്കാൻ വേണ്ടതില്ല. ‘നിഷ്പക്ഷത’ തെളിയിക്കാൻ ആരെങ്കിലും ഭരണപക്ഷ നേതാക്കൾക്ക് എതിരെ സഭയിലോ പുറത്തോ വിജിലൻസ് അന്വേഷണആവിശ്യം ഉന്നയിക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്ന മുഖ്യമന്ത്രി ഡിജിപി യുടെ നിർദേശം മറികടന്നും ‘സൂപ്പർ ഡിജിപി’ കെതിരെയുള്ള വിജിലൻസ് അന്വേഷണം അനന്തമായി നീട്ടുന്നുണ്ട്. ഇതൊക്കെ എന്ത് കൊണ്ട് എന്ന് ചോദിക്കാനുള്ള പ്രാഥമികമായ കെൽപ്പ് പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
പിണറായി വിജയൻ ചങ്ക് കൊടുത്തും കാക്കുന്ന ഉദ്യോഗസ്ഥരുടെ(ഉന്നത) മനോവീര്യത്തിന്റെ അത്ര കാമ്പൊന്നും പാർട്ടി അണികൾക്കോ പ്രവർത്തകർക്കോ ഉണ്ടാകാൻ സാധ്യതയില്ല എന്ന് മുഖ്യമന്ത്രിക്കും ഭരണക്കാർക്കും കരുതാം. ഭരണകാരല്ലാത്ത സെക്രട്ടറിയേറ്റ് മെമ്പർമാർ കൂടി അത് കരുതുന്നിടത്താണ് ദുരിതങ്ങളുടെ വ്യാപ്തി കിടക്കുന്നത്.
എന്ത്‌കൊണ്ടാണ് പുതിയ നേതാക്കൾ രാഷ്ട്രീയവും ചരിത്രവും ചെറുത്ത് നില്പുകളും മറന്ന് സംഘടനാപരമായി മാത്രം പാർട്ടിയെ വിലയിരുത്തി പ്രതിരോധങ്ങളെ മാധ്യമങ്ങൾക്ക് മുമ്പിൽ ദുർബലപ്പെടുത്തുന്നു എന്നത് പ്രത്യേയശാസ്ത്രപരമായി സമീപിക്കേണ്ട വെല്ലുവിളിയാണ്.എന്നാൽ മാത്രമേ ചാനൽ റേറ്റിംഗുകളുടെ ഇടയിലേക്ക് പതിക്കുന്ന സഹപ്രവർത്തകയുടെ മേക്കപ്പ് ‘തമാശകളെ’ നേരിടാൻ കഴിയൂ.



