...
Home News Kerala ദേശാഭിമാനി വിവാദത്തിൽ പാർട്ടി കർശന നിലപാട്; ന്യൂസ് എഡിറ്റർക്ക് നോട്ടീസ്

ദേശാഭിമാനി വിവാദത്തിൽ പാർട്ടി കർശന നിലപാട്; ന്യൂസ് എഡിറ്റർക്ക് നോട്ടീസ്

വി.എസ്. അനുസ്മരണ ലേഖനം ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും, 'കള്ളൻ വിജയൻ' എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനിയിൽ ഉണ്ടായിരുന്നില്ലെന്നും എം.സ്വരാജ്

4

ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐഎം നേതൃത്വം ഇടപെട്ടു. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയന് പാർട്ടി നോട്ടീസ് നൽകി. വൈകിട്ട് നാല് മണിക്ക് മുൻപായി വിശദീകരണം നൽകാനാണ് നിർദേശം.

ഞായറാഴ്ച ദേശാഭിമാനി ദിനപത്രത്തോടൊപ്പം പ്രസിദ്ധീകരിക്കേണ്ടിയിരുന്ന വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരുന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പതിപ്പ് അച്ചടിച്ച ശേഷമാണ് വിതരണം നിർത്തിവെച്ചതെന്നാണ് വിവരം. സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം.

എന്നാൽ, വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ലേഖനമാണ് പതിപ്പ് തടഞ്ഞുവെക്കാൻ കാരണമായതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. തുടർന്ന്, ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടോടെയുള്ള ഫീച്ചറാണ് പ്രസിദ്ധീകരിക്കാതിരിക്കാൻ കാരണമായതെന്ന അനൗദ്യോഗിക വിശദീകരണവും പുറത്തുവന്നു.

വിവാദങ്ങൾക്കിടെ പ്രതികരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്ററും സിപിഐഎം മുതിർന്ന നേതാവുമായ എം. സ്വരാജും രംഗത്തെത്തി. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്തകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്. അച്യുതാനന്ദനെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സ്വരാജ് വ്യക്തമാക്കി. വാരാന്തപ്പതിപ്പ് അച്ചടിക്കാനാകാതിരുന്നത് സാങ്കേതിക തകരാർ മൂലമാണെന്നും, സ്വകാര്യ പ്രസ്സിലെ യന്ത്രത്തകരാർ കാരണം സമയബന്ധിതമായി അച്ചടി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വി.എസ്. അനുസ്മരണ ലേഖനം ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും, ‘കള്ളൻ വിജയൻ’ എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനിയിൽ ഉണ്ടായിരുന്നില്ലെന്നും എം.സ്വരാജ് കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.