...
Home News Kerala പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

പിസി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞാണ് ജോര്‍ജിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്

284

ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറുമണിക്ക് ശേഷം ജോര്‍ജിനെ ജയിലിലേക്ക് മാറ്റി.

‌ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പിസി ജോര്‍ജ് തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ഈരാറ്റുപേട്ട പൊലീസ് പിസി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്.

30 വര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പിസി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞാണ് ജോര്‍ജിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പിസി ജോര്‍ജ് മുമ്പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി. സമുദായ സ്‌പർധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പിസി ജോര്‍ജിനെ മുമ്പും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.