മനില: ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാജ്യങ്ങൾ. ഭീകരവാദത്തെ ശക്തമായി അപലപിച്ചുകൊണ്ട് ക്വാഡ് രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. സമുദ്ര സുരക്ഷ, നിർണായക ധാതുക്കളുടെ വിതരണം, സാങ്കേതികവിദ്യ, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അതേസമയം, മോദിയെ കരുത്തനായ നേതാവും സുഹൃത്തുമായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
മനിലയിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ സമുദ്ര സുരക്ഷയ്ക്കും നിർണായക ധാതുക്കളുടെ വിതരണത്തിനുമാണ് പ്രധാന പരിഗണന നൽകിയത്. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനവും ഇടപെടലുകളും പ്രതിരോധിക്കാൻ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി ക്വാഡ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നാവികസേനയുടെ പട്രോളിങ് വിമാനങ്ങളും യുദ്ധക്കപ്പലുകളും ഉൾപ്പെടുന്ന സംയുക്ത സൈനികാഭ്യാസം ഉടൻ നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി അംഗരാജ്യങ്ങളുടെ ബിസിനസ് ഫോറം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ക്വാഡിലൂടെ ക്രിയാത്മകമായ പങ്കാളിത്തവും സഹകരണവുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സമുദ്ര സുരക്ഷ മുതൽ വിതരണ ശൃംഖലയും സാങ്കേതികവിദ്യയും ദുരന്തപ്രതികരണവും വരെയുള്ള മേഖലകളിൽ പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്താൻ ക്വാഡ് രാജ്യങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർധിച്ചുവരുന്ന സൈബർ ഭീഷണികൾ നേരിടുന്നതിനായി ‘ക്വാഡ് സൈബർ സുരക്ഷാ സഹകരണം’ വിപുലീകരിക്കാനും ഉച്ചകോടിയിൽ തീരുമാനമായി. വിശ്വസനീയമായ നിർമിതബുദ്ധിയുടെ വ്യാപനം ലക്ഷ്യമിട്ടുള്ള ‘എഐ ആക്‌സിലറേറ്റർ’ പദ്ധതിക്കും അംഗരാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു.
ആസിയാൻ ഐക്യത്തിനും കേന്ദ്രീകൃത നിലപാടിനും ക്വാഡ് പൂർണ പിന്തുണ ആവർത്തിച്ചു. ബലപ്രയോഗത്തിലൂടെയോ സമ്മർദത്തിലൂടെയോ ഇന്തോ-പസഫിക് മേഖലയിലെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, മനിലയിൽ ചേർന്ന 23-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. സമുദ്ര സുരക്ഷ, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ സഹകരണ പുരോഗതി ഉച്ചകോടി വിലയിരുത്തി. ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാറിന്റെ പുരോഗതിയും ചർച്ചയായി. ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതും ചർച്ചകളിൽ പ്രധാനമായി.


