ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചേക്കുമെന്ന് സൂചന. ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളർ പിന്നിട്ടതോടെയാണ് ഇന്ധനവില വർധന സംബന്ധിച്ച ആശങ്ക വീണ്ടും ശക്തമായിരിക്കുന്നത്. ക്രൂഡ് ഓയിൽ വില തുടർച്ചയായി 95 മുതൽ 100 ഡോളറിന് മുകളിൽ തുടർന്നാൽ ഇന്ധനവില വർധന പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്. യുഎസ്-ഇറാൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ അസ്ഥിരതയുമാണ് എണ്ണ വിതരണത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നത്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം
പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും കനത്തു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ സൗദി അറേബ്യയുടെ എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിട്ടുണ്ട്.
എന്നാൽ, ആക്രമണവാർത്ത ഇറാൻ നിഷേധിച്ചു. കടലിൽ സ്ഥാപിച്ചിരുന്ന മൈനുകളിൽ തള്ളിയാണ് കപ്പലിന് തീപിടിച്ചതെന്നും കപ്പൽ സഞ്ചരിച്ചത് അനധികൃത പാതയിലൂടെയാണെന്നുമാണ് ഇറാന്റെ വിശദീകരണം.
വിമാന ഇന്ധനവിലയും കൂട്ടി
പെട്രോൾ വിലയ്ക്ക് പുറമെ വിമാന ഇന്ധനമായ എടിഎഫ് (ATF) വിലയും വർധിപ്പിച്ചിട്ടുണ്ട്. 5.46 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം അഞ്ച് രൂപയുടെ വർധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തുടർച്ചയായി വീണ്ടും നിരക്ക് ഉയർത്തിയിരിക്കുന്നത്.
വിമാനങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധനത്തിനായിട്ടാണ് വരുന്നത്. ഇത് വിമാന ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്നുറപ്പാണ്. ആഭ്യന്തര സർവീസുകളിലാകും ടിക്കറ്റ് നിരക്ക് വർധന ആദ്യം ബാധിക്കാൻ സാധ്യതയെന്നാണ് വിലയിരുത്തൽ.


