...
Home News International കംബോഡിയൻ നേതാവുമായുള്ള ഫോൺ സംഭാഷണം പുറത്തായി; തായ് പ്രധാന മന്ത്രിയുടെ കസേര തെറിച്ചു

കംബോഡിയൻ നേതാവുമായുള്ള ഫോൺ സംഭാഷണം പുറത്തായി; തായ് പ്രധാന മന്ത്രിയുടെ കസേര തെറിച്ചു

സൈന്യത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രധാന ഘടകകക്ഷി മന്ത്രിസഭ വിട്ടതോടെ സർക്കാരിന്‍റെ ഭാവിയും തുലാസിലായിരുന്നു

283

കംബോഡിയയിലെ മുതിർന്ന രാഷ്ട്രീയ നേതാവുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്ന്, തായ് പ്രധാനമന്ത്രിയെ കോടതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തു. തായ്‌ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന പയേതുങ്താൻ ഷിനാവത്രയെ (38) ആണ് ഭരണഘടനാ കോടതി പുറത്താക്കിയത്. പ്രധാനമന്ത്രിമാർ പുറത്താകുന്നത് തായ്‌ലൻഡിൽ അസാധാരണ കാര്യമല്ല. 2008ന് ശേഷം തായ് ജഡ്‌ജിമാർ സ്ഥാനഭ്രഷ്ടനാക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ഷിനാവത്ര.

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷത്തിനിടെ കംബോഡിയൻ നേതാവായിരുന്ന ഹുൻ സെന്നിനോട് നടത്തിയ സംഭാഷണമാണ് ഷിനാവത്രക്ക് കുരുക്കായത്. ഒരു പ്രധാനമന്ത്രിക്ക് ആവശ്യമായ ധാർമ്മിക മാനദണ്ഡങ്ങൾ ഫോൺ സംഭാഷണത്തിനിടെ ഷിനാവത്ര “ഗുരുതരമായ രീതിയിൽ ലംഘിച്ചു” എന്ന് കോടതി കണ്ടെത്തിയിരുന്നു.

സംഭാഷണത്തിൽ, 38 കാരിയായ പ്രധാനമന്ത്രി ഹുൻ സെന്നിനെ പലതവണ ‘അങ്കിൾ’ എന്ന് വിളിച്ച് പ്രീണിപ്പിക്കാൻ ശ്രമിച്ചതും സ്വന്തം സൈനിക ജനറലിനെപ്പറ്റി മോശമായി സംസാരിച്ചതുമാണ് വിവാദമായത്. രാജ്യ താത്പ്പര്യങ്ങൾക്ക് മുകളിൽ വ്യക്തി താത്പ്പര്യങ്ങൾ പ്രതിഷ്ഠിച്ചതായും ഇത് അവരുടെ നേതൃത്വത്തിലുള്ള പൊതുജന വിശ്വാസവും വിശ്വാസവും നഷ്‌ടപ്പെടാൻ കാരണമായതായും കോടതി നിരീക്ഷിച്ചു. എന്നാൽ ഈ നിരീക്ഷണങ്ങൾ ഷിനാവത്ര പാടെ തള്ളിക്കളഞ്ഞു.

കംബോഡിയ– തായ്‌ലൻഡ് അതിർത്തി സംഘർഷത്തിൽ കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടത് നയതന്ത്ര പ്രശ്‌നത്തിന് വ‍ഴിവെച്ചിരുന്നു. പ്രശ്‌നം തീർക്കാനായി പയേതുങ്താൻ നടത്തിയ നയതന്ത്ര സംഭാഷണമാണ് പാളിയത്.

ജനറലിനെ വിമർശിച്ച് സംസാരിച്ചതോടെ സൈന്യത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രധാന ഘടകകക്ഷി മന്ത്രിസഭ വിട്ടതോടെ സർക്കാരിന്‍റെ ഭാവിയും തുലാസിലായിരുന്നു. 2024 ആഗസ്റ്റിലാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി പയേതുങ്താൻ ഷിനാവത്ര അധികാരത്തിൽ വരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.