...
Home News Kerala പിണറായിസവും റിയാസും പാർട്ടിയെ തകർത്തു, കേരളത്തിൽ യുഡിഎഫ് തരംഗം: പി.വി. അൻവർ

പിണറായിസവും റിയാസും പാർട്ടിയെ തകർത്തു, കേരളത്തിൽ യുഡിഎഫ് തരംഗം: പി.വി. അൻവർ

സിപിഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കുന്നതിൽ മുഹമ്മദ് റിയാസിന് പ്രധാന പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു. പാർട്ടിയെയും ഗവൺമെന്റിനെയും റിയാസ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പാർട്ടി നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

248

കോഴിക്കോട്: കേരളത്തിൽ യുഡിഎഫ് മുന്നണി 86 സീറ്റുകളോടെ അധികാരത്തിൽ വരുമെന്ന് പി.വി. അൻവർ. എൽഡിഎഫ് കഷ്ടിച്ച് അധികാരത്തിൽ വരുമെന്ന മുൻപത്തെ വിലയിരുത്തലുകളെ തകിടം മറിക്കുന്ന ജനവിധിയാണ് ഉണ്ടാകാൻ പോകുന്നതെന്നും വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ താൻ മുൻപ് നൽകിയ റിപ്പോർട്ടുകളെ സാധൂകരിക്കുന്നതാണെന്നും അൻവർ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ കേരളം പ്രധാനമായും ചർച്ച ചെയ്തത് പിണറായിസം ആണ്. 2021-ൽ പിണറായി വിജയന്റെ മുഖം കണ്ടാണ് വോട്ടർമാർ വോട്ട് നൽകിയതെങ്കിൽ, കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിലെ പോലീസിന്റെ ഏകാധിപത്യവും അഴിമതിയും കള്ളക്കടത്തും ജനങ്ങളിൽ വലിയ മാറ്റമുണ്ടാക്കി. അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കുന്നതിൽ മുഹമ്മദ് റിയാസിന് പ്രധാന പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു. പാർട്ടിയെയും ഗവൺമെന്റിനെയും റിയാസ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പാർട്ടി നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയുടെ ഉന്നത നേതൃത്വത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള ഈ കുടുംബാധിപത്യ രാഷ്ട്രീയത്തിന് പാർട്ടി സെക്രട്ടറി വളം വെച്ചു നൽകിയതായും അദ്ദേഹം വിമർശിച്ചു.

പാർട്ടി ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്ന് ഭയന്ന യഥാർത്ഥ സഖാക്കൾ തന്നെ ഇത്തവണ ഭരണത്തിന് എതിരെ വോട്ട് ചെയ്തിട്ടുണ്ടെന്ന് അൻവർ അവകാശപ്പെടുന്നു. പിണറായി വിജയൻ മാറുന്നതിലൂടെ മാത്രമേ പ്രസ്ഥാനത്തെ രക്ഷിക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്ന പച്ച സഖാക്കളുടെ വോട്ട് 140 മണ്ഡലങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. ഈ മൗന വിപ്ലവം സർവേകളിൽ പോലും പൂർണ്ണമായി കണ്ടെത്താൻ കഴിയില്ലെങ്കിലും അത് സംഭവിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.