...
Home News വെള്ളാപ്പള്ളിയുടെ വിഷനാക്ക് കൊണ്ട് വരുന്ന ഭൂരിപക്ഷ വോട്ടുകൾ ഭരണത്തുടർച്ച ഉറപ്പ് വരുത്തുമെന്ന് പിണറായി കണക്കുകൂട്ടി

വെള്ളാപ്പള്ളിയുടെ വിഷനാക്ക് കൊണ്ട് വരുന്ന ഭൂരിപക്ഷ വോട്ടുകൾ ഭരണത്തുടർച്ച ഉറപ്പ് വരുത്തുമെന്ന് പിണറായി കണക്കുകൂട്ടി

340

| ബഷീർ വള്ളിക്കുന്ന്

ഇടതുപക്ഷം ഒരുകാലത്തും കളിക്കാൻ പാടില്ലാത്ത വർഗ്ഗീയ കാർഡാണ് വെള്ളാപ്പള്ളിയോടൊപ്പം കൂടി പിണറായി കളിച്ചത്. പത്ത് വർഷത്തെ സ്വന്തം ഭരണത്തിന്റെ നേട്ടങ്ങളെക്കാൾ അദ്ദേഹത്തിന് വിശ്വാസം വെള്ളാപ്പള്ളി ഒഴുക്കിയ കൊടും വിഷത്തിലായിരുന്നു. അതിനെ ആശ്രയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് തുടക്കം മുതൽ ആസൂത്രണം ചെയ്തത്.

എക്സിറ്റ് പോൾ ഫലം വരുന്നതിന് മുമ്പ് എഴുതിയ കുറിപ്പിലെ വരികൾ ആവർത്തിക്കട്ടെ “കേരളത്തിന്റെ ഒരു പതിറ്റാണ്ട് കാലത്തെ ചരിത്രത്തിൽ ഇത്ര വലിയ സ്കെയിലിൽ സാമുദായിക വിദ്വേഷവും മുസ്‌ലിം വിരുദ്ധതയും പറഞ്ഞ മറ്റൊരു മനുഷ്യനില്ല. വായ തുറന്നാൽ കൊടും വിഷം മാത്രം പ്രചരിപ്പിച്ചു കൊണ്ട് നടന്ന അയാളെ പൊന്നാട അണിയിച്ചും കാറിൽ കയറ്റി സഞ്ചരിച്ചും പിണറായി കേരളത്തിന് നൽകിയ സന്ദേശം നാളിതുവരെയുള്ള ഇടത്പക്ഷ ലൈനിൽ നിന്നുള്ള ഭീതിജനകമായ തിരിച്ചു പോക്കായിരുന്നു”

കേരളത്തിന്റെ സോഷ്യൽ ഫാബ്രിക്കിനെ നെടുകെ പിളർത്തുന്ന പ്രസ്താവനകൾ അയാൾ നിരന്തരം നടത്തുമ്പോഴും അയാളെ ഒരിക്കൽ പോലും തള്ളിപ്പറയാനോ വിമർശിക്കാനോ തയ്യാറായില്ല എന്ന് മാത്രമല്ല ‘നാക്കിൽ സരസ്വതിയുടെ വിളയാട്ടമുള്ള’ പരിഷ്കർത്താവിന്റെ റോളിലേക്ക് അയാളെ ഉയർത്തുകയായിരുന്നു പിണറായി.

കുറച്ച് ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടാലും കുഴപ്പമില്ല വെള്ളാപ്പള്ളിയുടെ വിഷനാക്ക് കൊണ്ട് വരുന്ന ഭൂരിപക്ഷ വോട്ടുകൾ ഭരണത്തുടർച്ച ഉറപ്പ് വരുത്തുമെന്ന് പിണറായി കണക്കുകൂട്ടി. ഒരു ഇടത്പക്ഷ നേതാവിന്റെ മനസ്സിന്റെ മരുഭൂ വിദൂരതയിൽ പോലും കടന്ന് വരാൻ പാടില്ലാത്ത സോഷ്യൽ എൻജിനീയറിങ്. ആ എഞ്ചിനീയറിങ് അടപടലം മൂഞ്ചിയിരിക്കുന്നു.

ഇടതുപക്ഷം ഒരു വ്യക്തിയിലേക്ക് ചുരുങ്ങി. തിരുവായ്ക്ക് എതിർവായ് ഇല്ലാത്ത ഒരു രാജകീയ സംവിധാനമായി അത് മാറി. ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. പലപ്പോഴും അതിനെ പിന്തുണച്ചിട്ടുണ്ട്. പക്ഷേ കേരളത്തിൽ കൊടും വിഷം കലക്കി നടക്കുന്ന ഒരു സംഘപരിവാർ ഏജന്റിന്റെ തോളിൽ കയറി ഒരു മൂന്നാം ഭരണത്തിന് വേണ്ടി ശ്രമിക്കുക എന്നത് ഇടത് പക്ഷം എന്തിനെ പ്രതിനിധാനം ചെയ്യുന്നുവോ അതിൽ നിന്നെല്ലാമുള്ള തിരിച്ചു പോക്കാണ് .

ഇടതുപക്ഷം ഇടതുപക്ഷമായി കേരളത്തിൽ നിലനിലക്കണം. അതിനുള്ള സ്പെയ്സ് കേരളത്തിന്റെ സോഷ്യൽ ഫാബ്രിക്കിലുണ്ട്. വിഷം വമിപ്പിക്കുന്ന ഒരു വെള്ളാപ്പള്ളി പക്ഷമായി ഇടതുപക്ഷം മാറരുത്. അത് അവരുടെ ചരിത്രത്തിൽ നിന്നും അവർ കടന്നുവന്ന പോരാട്ടവഴികളിൽ നിന്നുമുള്ള തിരിഞ്ഞു നടത്തമാണ്. ഈ തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ഇടത്പക്ഷ പ്രവർത്തകർക്ക് നൽകേണ്ട സന്ദേശമാണ്. വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയുടെ മുതലാളിയും ഇനി വീട്ടിലിരിക്കട്ടെ..

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.