...
Home News Kerala ‘വിഎസിൻ്റെ തുടര്‍ഭരണം അട്ടിമറിച്ചത് പിണറായി’; കെ.സുരേഷ് കുമാറിൻ്റെ പുസ്‌തകത്തില്‍ ആരോപണം

‘വിഎസിൻ്റെ തുടര്‍ഭരണം അട്ടിമറിച്ചത് പിണറായി’; കെ.സുരേഷ് കുമാറിൻ്റെ പുസ്‌തകത്തില്‍ ആരോപണം

ഇത് വിഎസ് തന്നോട് പറഞ്ഞെന്നാണ് സുരേഷ് കുമാര്‍ അവകാശപ്പെടുന്നത്

197

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിൻ്റെ തുടര്‍ഭരണം പിണറായി വിജയന്‍ അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. സുരേഷ് കുമാര്‍. 2011-ലെ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്നാണ് ആരോപണം. വിഎസിനൊപ്പം എൻ്റെ ദിനങ്ങള്‍ എന്ന പുസ്‌തകത്തിലൂടെയാണ് സുരേഷ് കുമാര്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ചില പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് വിഎസ് അച്യുതാനന്ദന് തുടര്‍ഭരണം ലഭിക്കാതെ പോയതെന്ന് മുമ്പ് തന്നെ പല കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ പരിശ്രമിച്ചത് പിണറായി വിജയനായിരുന്നു എന്നാണ് പുസ്‌തകത്തിലൂടെ സുരേഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് വിഎസ് തന്നോട് പറഞ്ഞെന്നാണ് സുരേഷ് കുമാര്‍ അവകാശപ്പെടുന്നത്.

വിഎസ് അച്യുതാനന്ദൻ്റെ കാലത്ത് ഫയല്‍ കടത്താന്‍ സിപിഐഎം മൂന്ന് പേര്‍ക്ക് ചുമതല നല്‍കിയിരുന്നുവെന്ന ഗുരുതര ആരോപണവും പുസ്‌തകത്തിലുണ്ട്. എകെജി സെൻ്റെര്‍ അറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഒരു ഫയല്‍ നീക്കവും നടക്കാറില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്ന ഫയലുകള്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍ ബാലഗോപാലും സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍. ചന്ദ്രശേഖര്‍ പണിക്കറും എകെജി സെൻ്റെറിലേക്ക് കടത്തിയിരുന്നു എന്ന ഗുരുതര ആരോപണവും ഉള്ളതായി 24 ന്യൂസ് റിപ്പോർട്ട് ചെയ്‌തു.

മൂന്നാര്‍ ദൗത്യം പാതിവഴിയില്‍ മുടങ്ങിയതിനുള്ള കാരണവും ദൗത്യത്തിന് നേതൃത്വം നല്‍കിയിരുന്ന സുരേഷ് കുമാര്‍ പുസ്‌തകത്തിലൂടെ തുറന്നുപറയുന്നുണ്ട്.ദൗത്യം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുവെന്നാണ് ആരോപണം.അന്നത്തെ ദേവികുളം സബ് കളക്ടറും നിലവില്‍ മുഖ്യമന്ത്രി വിഡി സതീശൻ്റെ സെക്രട്ടറിയുമായ രത്തന്‍ കേല്‍ക്കറിന് എതിരായാണ് പ്രധാന ആരോപണം. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ പരാമര്‍ശിക്കപ്പെടുന്ന പുസ്‍തകം തിരുവനന്തപുരത്ത് ശനിയാഴ്‌ച പ്രകാശനം ചെയ്‌തു. കെ.സുധാകരന്‍ കെമാല്‍ പാഷക്ക് നല്‍കിയായിരുന്നു. പുസ്‌തക പ്രകാശനം. കഴിഞ്ഞ സര്‍ക്കാരിനോട് കൊമ്പുകോര്‍ത്ത പ്രമുഖരായിരുന്നു പ്രകാശന വേദിയില്‍ ഉണ്ടായിരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.