കൊച്ചി: ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേടിൽ പബ്ലിക് സർവീസ് കമ്മീഷനെതിരെ (PSC) രൂക്ഷവിമർശനവുമായി ഹൈക്കോടതി. പിഎസ്‌സി ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു. അന്വേഷണം തടയണമെന്ന പിഎസ്‌സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി വാദത്തിനിടെ ആരാഞ്ഞു.
കോടതിയുടെരീക്ഷണങ്ങളും ചോദ്യങ്ങളും:
- കോടിക്കണക്കിന് പേരുടെ പ്രതീക്ഷ: കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പിഎസ്‌സി. ഇത് ഗുരുതരമായ ആരോപണമാണെന്നും പ്രത്യക്ഷത്തിൽ തന്നെ അഴിമതിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
- ചോദ്യങ്ങൾ മാറ്റിയതിൽ ദുരൂഹത: പരീക്ഷയിൽ 58 ചോദ്യങ്ങൾ മാറ്റിയത് എങ്ങനെയാണെന്ന് ചോദിച്ച കോടതി, ഇതിനെയാണ് അഴിതിയെന്ന് വിശേഷിപ്പിക്കേണ്ടി വരികയെന്നും വ്യക്തമാക്കി.
- അന്വേഷണത്തോടുള്ള നിസ്സഹകരണം: ചെയർമാൻ അടക്കമുള്ളവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലും വിവരങ്ങൾ ശേഖരിക്കലും അന്വേഷണത്തിന്റെ പ്രാഥമിക നടപടി മാത്രമാണെന്നും, ഇതിനെ എന്തിനാണ് എതിർക്കുന്നതെന്നും കോടതി പിഎസ്‌സിയോട് ചോദിച്ചു.
- കടുത്ത നടപടിക്ക് മുന്നറിയിപ്പ്: അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ സർക്കാരിന് അടുത്ത ഘട്ടത്തിലെ നിർബന്ധിത നടപടികളിലേക്ക് കടക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. പിഎസ്‌സിക്ക് ഇതിൽ വലിയ ധാർമിക ഉത്തരവാദിത്വമുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
വിഷയത്തിൽ ഇതുവരെ 180 പരാതികൾ ലഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന്റെ തുടർനടപടികൾക്കായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.


